ദൈവവിളി സ്വീകരണം എന്നത് ദൈവത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കലാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനത്തിന് (Vocation Sunday) മുന്നോടിയായി പുറത്തിറക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ഈ വർഷത്തെ, ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായ മെയ് എട്ടാം തീയതിക്ക് മുന്നോടിയായി ഇറക്കിയ സന്ദേശത്തിലാണ് പാപ്പ തന്റെ ചിന്തകൾ പങ്കുവെച്ചത്. ‘മനുഷ്യ കുടുംബം പണിയാൻ വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു (Called to Build the Human Family)’ എന്നതാണ് അമ്പത്തിയൊമ്പതാമത് ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനത്തിന്റെ ആപ്തവാക്യം. നല്ലിടയന്റെ തിരുനാൾ ദിനം എന്നുകൂടി ഈ ദിവസം അറിയപ്പെടുന്നു.

സഭയുടെ പ്രചാരകരും, മറ്റുള്ളവരുടെയും, സൃഷ്ട പ്രപഞ്ചത്തിന്റെയും സംരക്ഷകരുമാണ് വൈദികരും സന്യസ്തരുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ക്രൈസ്തവർ എന്ന നിലയിൽ, ഓരോ വ്യക്തിക്കും കൂട്ടായ്മയുടെ ദൈവവിളി ആണ് ലഭിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. സഭയുടെ രഹസ്യം എന്നത് വൈവിധ്യമാണ്. സ്നേഹത്തിൽ ഒന്നായിരിക്കുന്ന വലിയൊരു മനുഷ്യ കുടുംബം എന്നത് സാങ്കൽപ്പികമായ ഒരു കാഴ്ചപ്പാട് അല്ലെന്ന് ലോകത്തിന് സാക്ഷ്യം നൽകാനായി ഒരുമിച്ച് യാത്ര ചെയ്യാനും, പ്രവർത്തിക്കാനും വൈദികർക്കും, അൽമായർക്കും, സന്യസ്തർക്കും പരിശുദ്ധ പിതാവ് ആഹ്വാനം നൽകി. ദൈവത്തിന്റെ സ്നേഹത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കുക എന്ന അഭ്യർത്ഥനയുമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.