യുഎഇ: ഇന്ത്യ യുഎഇ സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാ​ഗമായുള്ള ആദ്യ ചരക്ക്  യുഎഇയിലെത്തി. ജൂവലറി ഉൽപ്പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ, യുഎഇ അന്താരാഷ്‌ട്ര വാണിജ്യ അസിസ്റ്റന്റ് സെക്രട്ടറി ജുമ മുഹമ്മദ് അൽ കെയ്റ്റ് തുടങ്ങിയവർ ചരക്ക് ഏറ്റുവാങ്ങി.  ഇരുരാജ്യങ്ങളിലേക്കുമുള്ള അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം കരാർ നിലവിൽ വന്നതോടെ ഇല്ലാതായി.

എണ്ണയിതര മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ശരാശരി 3 ലക്ഷം കോടിയോളം രൂപയുടെ വ്യപാരം 5 വര്‍ഷത്തിനുള്ളില്‍ ഏഴരലക്ഷം കോടിക്കു മുകളില്‍ എത്തിക്കുകയാണ്  ഇന്ത്യ യുഎഇ സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ലക്ഷ്യം.   ഭക്ഷ്യവസ്തുക്കള്‍ മുതല്‍ ചികിത്സാ ഉപകരണങ്ങള്‍ക്ക് വരെ അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കും. നിലവില്‍ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഈ ഇളവ് ബാധകമായിരിക്കും.  കസ്റ്റംസ് തീരുവയില്‍ നിന്ന് എല്ലാ ഉല്‍പ്പന്നങ്ങളെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാർ പ്രാബല്യത്തില്‍ വന്നത്.  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് കരാറെന്ന് ഇന്ത്യൻ അംബാസിഡർ പറഞ്ഞു.

നികുതി ഇളവ് ലഭിക്കുന്നതോടെ ഇടപാടുകള്‍ വര്‍ധിച്ച് ലാഭം കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.  കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും ഇത് ഏറെ ഗുണകരമാകും. ഫെബ്രുവരി 18നാണ് കരാര്‍ ഒപ്പിട്ടത്.  ചില മേഖലകളിലെ ചെറിയ നിയന്ത്രണങ്ങള്‍ ഒഴിച്ചാല്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ തന്നെയാണ് ഇത്. ഭാവിയില്‍ ഇരു രാജ്യത്തെയും നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യം വയ്‌ക്കുന്ന വിഷന്‍ ഡോക്യുമെന്റും ഒപ്പുവച്ചിട്ടുണ്ട്. അതിനിടെ  കരാർ വ്യവസായ രം​ഗത്ത് പുതിയ ഊർജ്ജം നൽകുമെന്ന് പ്രമുഖ വ്യവസായിയും ലുലു ​ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി മറ്റൊരു ചടങ്ങിൽ പ്രതികരിച്ചു.

ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ.  അറബ് ലോകത്ത് ഇന്ത്യയുടെ വ്യാപാരത്തിന്റെ 40 ശതമാനവും യുഎഇയുമായിട്ടാണ് നടക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി നടത്തുന്നതും യുഎഇയിലേക്കാണ്.