ജയിലുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ വിളനിലമായി മാറുന്നത് തടയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചു. നിരന്തരം പരിശോധന നടത്തുന്നതിലൂടെയും നിരീക്ഷണം ശക്തമാക്കുന്നതിലൂടെയും ജയിലുകളിൽ രാജ്യവിരുദ്ധത പ്രചരിക്കുന്നത് ഇല്ലാതാക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തര), ഡയറക്ടർ ജനറൽ അല്ലെങ്കിൽ ഇൻസ്‌പെക്ടർ ജനറൽ (ജയിൽ) എന്നിവർക്കാണ് കത്തയച്ചത്. ജയിൽപുള്ളികളെ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ച് മികച്ച പൗരന്മാരായി മാറ്റണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

ജയിൽ സുരക്ഷ ശക്തിപ്പെടുത്തുക, മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക കൂടുതൽ ആളുകളെ ജയിൽ എത്തിക്കാതിരിക്കുക എന്നീ കാര്യങ്ങൾ സംസ്ഥാന സർക്കാരുകൾ പ്രത്യേകം ശ്രദ്ധിക്കണം. ജയിലിൽ നിന്ന് പുറത്ത് പോകുന്നവരുടെയും അകത്തേക്ക് പ്രവേശിക്കുന്നവരുടെയും കണക്കുകൾ കൃത്യമായി സൂക്ഷിക്കണം.

ജയിൽ പുള്ളികളിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുന്ന സാഹചര്യം വർദ്ധിച്ചുവരികയാണ്. ഇത് നിിയന്ത്രിക്കാൻ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ തന്നെ ഉപയോഗിക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നു. രാജ്യത്തെ ജയിലുകളിൽ ഇരുന്ന് കുറ്റവാളികൾ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം പ്രത്യേക നിർദ്ദേശം നൽകിയത്.