സ്റ്റാറ്റന്‍ഐലന്‍ഡ് (ന്യൂയോര്‍ക്ക്): സ്റ്റാറ്റന്‍ഐലന്‍ഡിലെ ആമസോണ്‍ ഫെസിലിറ്റിയില്‍ യൂണിയന്‍ രൂപീകരിക്കുന്നതിന് സംഘടനാ നേതാക്കള്‍ നടത്തിയ നീക്കം ജീവനക്കാര്‍ തള്ളിക്കളഞ്ഞു.
എല്‍ഡിജെ 5 ഫെസിലിറ്റിയിലെ 62 ശതമാനം ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കണമെന്ന ആവശ്യം വോട്ടെടുപ്പിലൂടെയാണ് തള്ളിക്കളഞ്ഞത്. 618 പേര്‍ യൂണിയന്‍ രൂപീകരണത്തെ എതിര്‍ത്തപ്പോള്‍ 380 പേര്‍ മാത്രമാണ് അനുകൂലിച്ചത്. ആകെ 1633 വോട്ടുകളാണ് ഉണ്ടായിരുന്നത്. 998 വോട്ടുകള്‍ എണ്ണിയതില്‍ രണ്ടു വോട്ടുകള്‍ അസാധുവായി.

കഴിഞ്ഞ മാസമാണ് ആമസോണ്‍ കന്പനിയുടെ ചരിത്രത്തിലാദ്യമായി സ്റ്റാറ്റന്‍ഐലന്‍ഡിലെ ആമസോണ്‍ ജീവനക്കാര്‍ യൂണിയന്‍ ഉണ്ടാക്കുന്നതിനെ അനുകൂലിച്ചു വോട്ടു ചെയ്തത്. ഏതായാലും ആഗോള തൊഴിലാളി ദിനത്തില്‍ ഇത്തരമൊരു തിരിച്ചടി ലഭിച്ചതില്‍ യൂണിയന്‍ നേതാക്കള്‍ നിരാശയിലാണ്.

അതേസമയം ആമസോണ്‍ ലേബര്‍ യൂണിയന്‍റെ യൂണിയന്‍ രൂപീകരണ നീക്കത്തെ തള്ളിക്കളഞ്ഞ തൊഴിലാളികളുടെ നടപടിയെ ആമസോണ്‍ വക്താവ് കെല്ലി നന്‍റല്‍ അഭിനന്ദിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ എന്താണെന്നു കേള്‍ക്കുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും മാനേജ്മെന്‍റ് തയാറാണ്. പിന്നെ എന്തിനാണ് യൂണിയന്‍റെ ആവശ്യം എന്നാണ് മനേജ്മെന്‍റ് പ്രതിനിധികളുടെ ചോദ്യം.