ഫ്രീഡം ഓഫ് സ്പീച്ച്, അഥവാ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന ഒന്നാണ്. എന്നാൽ ഏതൊരു സ്വാതന്ത്ര്യത്തിനും ചില പരിധികളുണ്ട്. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങൾക്ക് പരിധി കൽപിക്കുന്നത് ഐപിസി അഥവാ ഇന്ത്യൻ ശിക്ഷാ നിയമത്തിലൂടെയാണ്. നമ്മുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുമ്പോൾ, അതേ അഭിപ്രായം കാരണം സമൂഹം അസ്ഥിരമാകുകയോ, മതവികാരം വൃണപ്പെടുകയോ ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലൂടെ തടയിടുന്നു. ഇതിനായി രൂപീകരിച്ച രണ്ട് നിയമങ്ങളുണ്ട്. ഒന്ന് 153 (എ), രണ്ട് 295 (എ). ( what is section 153 a )

മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെ വിദ്വേഷ പ്രസംഗം നടത്തിയതിന് കസ്റ്റഡിയിലെടുത്തതോടെയാണ് ഈ നിയമം വീണ്ടും കേരളത്തിൽ ചർച്ചയാകുന്നത്. സെക്ഷൻ 153 എ പ്രകാരം-

  1. വാക്കുകൾ, ചിഹ്നങ്ങള്ഡ, ചിത്രങ്ങൾ, അത്തരം സൂചനകൾ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങൾക്കിടയിൽ പൊരുത്തക്കേണ്ട സൃഷ്ടിക്കുക.
  2. സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുക.
  3. ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനായി ഒരുക്കി നിർത്തുക.

മേൽപ്പറഞ്ഞ മൂന്ന് കാര്യങ്ങളും ഐപിസി 153 എ പ്രകാരം കുറ്റകരമാണ്. ഐപിസി 153 എ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയെ മൂന്ന് വർഷം വരെ ശിക്ഷിക്കാം. ഒരു മതകേന്ദ്രത്തിൽ വച്ചാണ് മേൽപറഞ്ഞ മൂന്ന് കാര്യങ്ങളിലേതെങ്കിലുമൊന്ന് നടക്കുന്നതെങ്കിൽ ജയിൽ ശിക്ഷ അഞ്ച് വർഷം വരെയാകാം.

സെക്ഷൻ 295

ഏതെങ്കിലും മതചിഹ്നത്തെയോ, വിശുദ്ധമായി കാണുന്ന മതകാര്യങ്ങളെയോ, മനഃപൂർവം അവഹേളിക്കുകയോ, നശിപ്പിക്കുകയോ, കളങ്കം വരുത്തുകയോ ചെയ്യുന്നത് സെക്ഷൻ 295 പ്രകാരം കുറ്റകരമാണ്. കുറ്റം ചെയ്യുന്ന വ്യക്തിക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷയോ, പിഴയോ, തടവും പിഴയോ ലഭിക്കും.

വാക്കുകൾ, പ്രവൃത്തികൾ എന്നിവകൊണ്ട് ഒരു മതത്തെയോ, മതവികാരത്തെയോ വൃണപ്പെടുത്തുന്നത് സെക്ഷൻ 295 എ പ്രകാരം കുറ്റകരമാണ്. അത്തരം വ്യക്തികൾക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷയോ, പിഴയോ, തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

153 (എ), 295 എന്നീ രണ്ട് വകുപ്പുകളും ജാമ്യമില്ലാ വകുപ്പുകളാണ്.