രണ്ടാം ലോക യുദ്ധകാലത്ത് വംശീയ ഉന്‍മൂലനത്തിന്റെ ഭാഗമായി ജൂതവിഭാഗത്തില്‍ പെട്ട 60 ലക്ഷം പേരെ അരുംകൊല ചെയ്ത ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതവംശജനെന്ന റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ കടുത്ത പ്രതിഷേധവുമായി ഇസ്രായേല്‍. പൊറുക്കാനാവാത്ത തെറ്റാണ് ഇതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. റഷ്യന്‍ അംബാസഡറെ വിളിപ്പിച്ച് ഇസ്രായേല്‍ ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചു. മന്ത്രി മാപ്പു പറയണമെന്നും ഇസ്രായേല്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരായി നിലപാട് എടുക്കാതെ മാറിനിന്ന ഇസ്രായേലും റഷ്യയുമായുള്ള ബന്ധത്തില്‍ വലിയ ഉലച്ചില്‍ ഉണ്ടാക്കുന്ന വിധമാണ് ഈ സംഭവം പുരോഗമിക്കുന്നത്.

ഇറ്റാലിയന്‍ ടി വി പരിപാടിയായ സോന ബിയാന്‍കയില്‍ സംസാരിക്കുമ്പോഴാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വിവാദ പ്രസ്താവന നടത്തിയത്. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ലക്ഷ്യം വെച്ചാണ് ലാവ്‌റോവ് ഈ പരാമര്‍ശം നടത്തിയത്. പാതി ജൂതനായ സെലന്‍സ്‌കി യുക്രൈനിനെ നാസിവല്‍കരിച്ചതിന് എതിരായ ഇടപെടലാണ് റഷ്യ നടത്തുന്നതെന്നാണ് യുദ്ധത്തിന് അവരുടെ ഔേദ്യാഗിക വിശദീകരണം. ജൂതബന്ധമുള്ള സെലന്‍സ്‌കി എങ്ങനെയാണ് നാസി ആവുന്നതെന്ന മറുചോദ്യമാണ് യുക്രൈന്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയത്. അതിനുള്ള മറുപടിയായാണ്, ഹിറ്റ്‌ലര്‍ ജൂതവംശജനാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി വിശദീകരിച്ചത്. ”ഞാന്‍ പറയുന്നത് ചിലപ്പോള്‍ തെറ്റായേക്കാം. ഹിറ്റ്‌ലറിനും ജൂത രക്തമായിരുന്നു. സെലന്‍സ്‌കി ജൂതനാണെന്നതില്‍ വലിയ കാര്യമൊന്നുമില്ല. ഏറ്റവും വലിയ ജൂതവിരുദ്ധര്‍ ജൂതവിഭാഗക്കാര്‍ തന്നെയാണ് എന്നാണ് ബോധമുള്ള ജൂതന്‍മാര്‍ പറയുന്നത്.”-ഇതായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഈ പരാമര്‍ശം വാര്‍ത്തയായതിനു പിന്നാലെയാണ്, ഇസ്രായേല്‍ അതിശക്തമായി ഇതിനെതിരെ രംഗത്തുവന്നത്. ഇസ്രായേലിലെ റഷ്യന്‍ അംബാസഡറെ വിളിപ്പിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി. റഷ്യന്‍ മന്ത്രി മാപ്പു പറയണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടു.

ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങളുടെ പേരില്‍ ജൂത വിഭാഗക്കാരെ കുറ്റക്കാരാക്കാനാണ് ഇത്തരം നുണകള്‍ വിളിച്ചുപറയുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ജൂതവിഭാഗക്കാരെ അടിച്ചമര്‍ത്തിയവരെ വിശുദ്ധരാക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നാസികള്‍ നടത്തിയ വംശീയ ശുദ്ധീകരണം പോലെ ഒരു യുദ്ധവും ഇപ്പോള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും പൊറുക്കാനാവാത്ത കുറ്റമാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി നടത്തിയതെന്ന് ഇസ്രായേലി വിദേശകാര്യ മന്ത്രി സയിര്‍ ലാപിദ് പറഞ്ഞു. ഇസ്രായേലിലെ യാദ് വെഷാം ഹോളോകാസ്റ്റ് മെമോറിയല്‍ തലവനായ ദാനി ദയാനും ഇതിനെതിരെ രംഗത്തുവന്നു. റഷ്യന്‍ മന്ത്രിയുടെ പ്രസ്താവന അസംബന്ധവും അപകടകരവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഹോളോകാസ്റ്റ് ചരിത്രത്തെ വളച്ചൊടിച്ച് ഇരകളെ വേട്ടക്കാരായി മുദ്രകുത്തുകയാണ് റഷ്യന്‍ മന്ത്രി ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ലോകമെങ്ങുമുള്ള ജൂതവിഭാഗക്കാരെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഈ പ്രസ്താവന ഇസ്രായേല്‍ -റഷ്യ ബന്ധത്തെ തന്നെ ബാധിക്കാന്‍ കാരണമാവുമെന്ന് ബിബിസി രാജ്യാന്തരകാര്യ നിരീക്ഷകനായ ജോണ്‍ ഡോനിസന്‍ വിദശീകരിക്കുന്നു. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് എതിരെ നിലപാട് എടുക്കാതെ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചിരുന്നു. പുടിനെതിരെ കടുത്ത നിലപാട് എടുക്കാത്തതില്‍ ഇസ്രായേലിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിധത്തിലാണ് വളരുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഹിറ്റ്‌ലറിന്റെ മുത്തച്ഛന്‍ ജൂതവംശജനാണെന്ന ആരോപണം പതിറ്റാണ്ടുകളായി തെളിയിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഹിറ്റ്‌ലറിന്റെ അഭിഭാഷകന്‍ ഹാന്‍സ് ഫ്രാങ്ക് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തനിക്ക് ജൂതപാരമ്പര്യമുണ്ടെന്ന വാദം അന്വേഷിക്കണമെന്ന് ഹിറ്റ്‌ലര്‍ നേരിട്ട് തന്നോട് ആവശ്യപ്പെട്ടതായി 1953-ല്‍ പുറത്തിറക്കിയ ആത്മകഥയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. തുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണത്തില്‍ അക്കാര്യം ശരിയാണെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം തുടര്‍ന്ന് എഴുതി. എന്നാല്‍, പ്രധാന ചരിത്രകാരന്‍മാരാരും ഈ വാദം അംഗീകരിച്ചിട്ടില്ല.