വത്തിക്കാന്‍ സിറ്റി: തന്റെ കാലിലെ ബുദ്ധിമുട്ട് ഭേദമായിട്ടില്ലെന്നും, നടക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് സ്ലോവാക്യയില്‍ നിന്നുള്ള കത്തോലിക്ക തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. “ഒരു പ്രശ്നമുണ്ട്: ഈ കാലിന് പറ്റുന്നില്ല, എന്നോടു നടക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. നടക്കാന്‍ എനിക്കു ആഗ്രഹമുണ്ട്. പക്ഷേ ഇത്തവണ എനിക്ക് ഡോക്ടര്‍ പറഞ്ഞത് അനുസരിക്കേണ്ടി വരും” വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പയുടെ കാല്‍മുട്ടിലെ സന്ധിവീക്കം കാരണം നടക്കുമ്പോഴെല്ലാം പാപ്പക്ക് കാലില്‍ ശക്തമായ വേദന അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി തന്റെ കൂടിക്കാഴ്ചകള്‍ പാപ്പ ഒഴിവാക്കി വരികയാണ്. പൊതു അഭിസംബോധനകളും, വിശുദ്ധ കുര്‍ബാനകളിലും ഭൂരിഭാഗം സമയവും പാപ്പ ഇരിക്കുകയാണ് ചെയ്യുന്നത്. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചക്ക് പരസഹായം കൂടാതെയാണ് പാപ്പ നടന്നെത്തിയതെങ്കിലും, ഭൂരിഭാഗം സമയവും പാപ്പ ഇരിക്കുകയായിരുന്നു. അവസാന ആശീര്‍വാദത്തിന് മാത്രമാണ് പാപ്പ എഴുന്നേറ്റത്.

2021 സെപ്റ്റംബറിലെ സ്ലോവാക്യ സന്ദര്‍ശനം തന്റെ ഹൃദയത്തില്‍ ഉണ്ടെന്നു സ്ലോവാക്യ സന്ദര്‍ശിച്ചതിനു തനിക്ക് നന്ദി പറയുവാനെത്തിയ ആയിരക്കണക്കിനു സ്ലോവാക്യന്‍ തീര്‍ത്ഥാടകരോടായി പാപ്പ പറഞ്ഞു. പാശ്ചാത്യ – പൗരസ്ത്യ ക്രൈസ്തവ ലോകത്തെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി വര്‍ത്തിച്ചുകൊണ്ട്, ആചാര-പാരമ്പര്യ സമ്പുഷ്ടതയില്‍ ജീവിക്കുന്ന സ്ലോവാക്യന്‍ സഭയെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നും, കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും സ്ലോവാക്യ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറയുകയാണെന്നും പാപ്പ പറഞ്ഞു. യുക്രൈ ന്‍ ജനതയോട് കാണിക്കുന്ന ആതിഥ്യമര്യാദയുടെ പേരിലും പാപ്പ സ്ലോവാക്യന്‍ ജനതക്ക് നന്ദി അറിയിച്ചു.