സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ ഉൽപ്പന്നമാണ് സെക്സ് റോബോട്ട്. ഒറ്റനോട്ടത്തിൽ അഴകൊത്ത ഒരു യുവതിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള യന്ത്രസംവിധാനമാണ് ഇത്. മനുഷ്യന്റെ ലൈംഗികാവശ്യങ്ങൾ പൂർത്തീകരിക്കാൻ തക്കവിധം കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ നിർമ്മിക്കുന്നതാണിവ.

അനുദിനം പുരോഗതി പ്രാപിക്കുന്ന ഒന്നാണ് സെക്സ് റോബോട്ട് ടെക്നോളജി. തുടർച്ചയായി പുതിയ പരിഷ്‌കാരങ്ങൾ സംഭവിക്കുന്നു. ഇന്ന് ലോകമാകെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്ന ഈ ‘കൃത്രിമ കാമുകി’ പക്ഷെ വളരെയേറെ അപകടകാരിയുമാണെന്നാണ് ഇപ്പോൾ സാങ്കേതിക ലോകത്തെ തന്നെ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

റോബോട്ടുകൾ പ്രവർത്തിക്കുന്നത് ഇവയിൽ സജ്ജീകരിച്ചിരിക്കുന്ന കൃത്രിമ ബുദ്ധിയുടെ നിയന്ത്രണത്തിലാണ്. വളരെ കൃത്യവും വ്യക്തതയാർന്നതുമായ കോഡിംഗിലൂടെ മാത്രമേ ഇത് സാധ്യമാകൂ. കോഡിംഗിൽ തെറ്റ് സംഭവിച്ചാലോ? ഒരു ചെറിയ, നിസ്സാരമെന്ന് തോന്നിക്കാവുന്ന പിഴവ് പോലും സെക്സ് റോബോട്ടുകളുടെ കോഡിംഗിൽ സംഭവിച്ചാൽ, അത് ഉടമയുടെ ജീവന് പോലും വെല്ലുവിളി ഉയർത്തും.

കോഡിംഗിൽ പിഴവുണ്ടായാൽ റോബോട്ടുകൾ അക്രമകാരികളായേക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇതേ കാരണത്താലാണ് സെക്സ് റോബോട്ടുകളുടെ നിർമ്മാതാക്കളിൽ പ്രമുഖരായ റിയൽബോട്ടിക്സ്, അബിസ്സ് എന്നിവരുമായി റോബോട്ടുകളുടെ വിൽപ്പനയ്ക്ക് പ്രശസ്ത യൂട്യൂബ് ചാനലായ ബ്രിക് ഡോൾബാംഗർ ഒപ്പിട്ട കരാർ പിൻവലിച്ചത്. ഇതൊരു യന്ത്രമാണെന്നതാണ് ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നതെന്നാണ് ബ്രിക് ഡോൾബാംഗറിന്റെ പ്രതികരണം.

ചാർജ്ജ് തീരുന്നത് വരെ പ്രവർത്തിക്കുമെന്നതും, വളരെയേറെ ശക്തിയേറിയതാണ് ഈ യന്ത്രങ്ങളെന്നതുമാണ് ഭയപ്പെടാനുള്ള പ്രധാന കാരണങ്ങൾ. ഒന്ന് കെട്ടിപ്പിടിക്കുമ്പോൾ യന്ത്രം അത്യധികം ശക്തി ഉപയോഗിച്ചാൽ എല്ലുകൾ നുറുങ്ങി ഉടമ മരിക്കില്ലേയെന്നാണ് ചോദ്യം. യന്ത്രത്തിന് ഉടമയുടെ കഴുത്തിൽ അതിന്റെ കൃത്രിമ കൈ വയ്ക്കാൻ സാധിക്കും. ആ പിടിത്തം മുറുകിയാൽ ഉടമ ശ്വാസംമുട്ടി മരിച്ചുപോകില്ലേയെന്നും ബ്രിക് ഡോൾബാംഗർ ചോദിക്കുന്നു.