: മുന്‍കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടുപോവുകയും പണം തട്ടുകയും ചെയ്‍ത സംഭവത്തില്‍ പ്രവാസി വനിതയ്‍ക്കും സഹോദരനും യുഎഇയില്‍ ആറ് മാസം ജയില്‍ ശിക്ഷ. മുന്‍കാമുകന്റെ മൊബൈല്‍ ഫോണും 7,700 ദിര്‍ഹമടങ്ങിയ പഴ്‍സും ഇവര്‍ മോഷ്‍ടിച്ചുവെന്ന് കോടതി രേഖകളില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിന് ആസ്‍പദമായ സംഭവമുണ്ടായത്. മുന്‍ കാമുകിക്കും സഹോദരനുമെതിരെ  തട്ടിക്കൊണ്ടുപോകല്‍, ശാരീരിക ഉപദ്രവം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് യുവാവ് പരാതി നല്‍കിയത്. തന്റെ വീട്ടിലെത്താന്‍ ആവശ്യപ്പെട്ടാണ് മുന്‍കാമുകി ഫോണില്‍ വിളിച്ചതെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ അവിടെയെത്തിയപ്പോള്‍ യുവതിയുടെ സഹോദരനും മറ്റൊരാളും ചേര്‍ന്ന് വീടിനുള്ളില്‍ കെട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്‍തു. കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും ഇവര്‍ കൈക്കലാക്കുകയും ചെയ്‍തു. സഹായത്തനായി നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല.

അര മണിക്കൂറിന് ശേഷം യുവാവിനെ ഷാര്‍ജയിലേക്ക് കൊണ്ടുപോകാനായി ഇവര്‍ ഒരു കാറില്‍ കയറ്റി. യാത്രയ്‍ക്കിടെ വെള്ളം വാങ്ങാനായി ഒരു ഗ്രോസറി ഷോപ്പിന്റെ മുന്നില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇയാള്‍ അവസരം മുതലാക്കി ഇറങ്ങിയോടുകയായിരുന്നു. പിന്നീട് പൊലീസില്‍ പരാതി നല്‍കി.

യുവാവിനെ പൂട്ടിയിട്ട അതേ അപ്പാര്‍ട്ട്മെന്റില്‍ നിന്നുതന്നെ യുവതിയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും തന്റെ അമ്മയെ ഇയാള്‍ സാമ്പത്തികമായി കബളിപ്പിച്ചതിന്റെ പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമില്‍ കോടതി ഇരുവര്‍ക്കും ജയില്‍ ശിക്ഷ വിധിച്ചു.  ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും.