ലണ്ടന്‍ : ഒമിക്രോണ്‍ വന്നിരിക്കുന്നത് നല്ലതിനാണെന്നും പേടിക്കേണ്ടതില്ലെന്നും ആരോഗ്യ വിദഗ്‌ദ്ധര്‍. കോവിഡിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയായിട്ടാണ് ഒമിക്രോണ്‍ കടന്നുവന്നതെന്നും ആരോഗ്യ വിദഗ്‌ദ്ധര്‍ പറയുന്നു.

ആംസ്റ്റര്‍ഡാമിലെ വാക്സിന്‍ സ്ട്രാറ്റജി തലവന്‍ മാര്‍ക്കോ കാവലറിയാണ് ഇക്കാര്യം പറഞ്ഞത്. ഒമിക്രോണിന്റെ കടന്നുവരവോടെ കോവിഡ് മഹാമാരി പാന്‍ഡമിക്ക് ഘട്ടത്തില്‍ നിന്ന് എന്‍ഡെമിക്ക് ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങിയെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാന്‍ ലോകം പഠിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ രോഗത്തിന്റെ അവസാനം എന്നാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍, അടിക്കടി കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് കൊണ്ട് വലിയ കാര്യമില്ലെന്നും പ്രകൃതിദത്തമായി തന്നെ ഈ വൈറസിനെതിരായ രോഗപ്രതിരോധശേഷി കൈവരിക്കാന്‍ പലര്‍ക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി കൂട്ടിച്ചേര്‍ത്തു.

അതേസമയം, യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഒമിക്രോണ്‍ പിടിപെടുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍ ഇത് ഒഴിവാക്കുന്നതിന് വേണ്ടി നിരന്തരമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയാല്‍ രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി