തിരുവല്ല: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നീതു അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍.

ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ രണ്ടാം വാര്‍ഡില്‍ പന്തിരുപറ നിര്‍മ്മാല്യം വീട്ടില്‍ രാജേന്ദ്രന്‍ നായരുടെയും അനിതയുടെയും മകളാണ് നീതു. സാമ്ബത്തികമായി മെച്ചപ്പെട്ട കുടുംബമാണ്. തിരുവല്ല കുറ്റൂര്‍ പള്ളാടത്തില്‍ സുധിഭവനില്‍ സുധിയുമായി 11 വര്‍ഷം മുമ്ബായിരുന്നു വിവാഹം. ഇരുന്നൂറിലധികം പവന്റെ ആഭരണങ്ങള്‍ വിവാഹസമയത്ത് വീട്ടുകാര്‍ നല്‍കിയിരുന്നു. ഖത്തറില്‍ ഓയില്‍ റിഗിലെ ഉദ്യോഗസ്ഥനാണ് സുധി.

അഞ്ചുവര്‍ഷം മുമ്ബാണ് നീതു ഇവന്റ് മാനേജ്‌മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ താമസം തുടങ്ങിയത്. ഡിസംബറില്‍ സുധി അവധിക്ക് നാട്ടിലെത്തിയിരുന്നു. ഈസമയം നീതുവും മകനും കുറ്റൂരിലെ ഭര്‍ത്തൃവീട്ടിലെത്തിയിരുന്നു. വളരെ സന്തോഷത്തോടെയായിരുന്നു അവിടെ കഴിഞ്ഞതെന്ന് സുധിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. സുധി രണ്ടാഴ്ച മുമ്ബാണ് മടങ്ങിയത്. കുട്ടിയെ തട്ടിയെടുത്ത സംഭവങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍ മരുമകളാണ് അറസ്റ്റിലായതെന്ന് മനസിലായില്ലെന്നും അവര്‍ പറഞ്ഞു. നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണില്‍ വിളിച്ച്‌ സംഭവം അറിയിച്ചത്. ഇതറിഞ്ഞ് കുറ്റൂരിലെ വീട്ടിലുള്ള പിതാവിനെ വിളിച്ചു സുധി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സുധി നാട്ടിലേക്ക് വരാന്‍ ശ്രമിക്കുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു.