തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ. മുരളീധരന്‍ എം.പി നടത്തിയ പരമാര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കെ. മുരളീധരന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണ്. മുരളീധരന്റെ പ്രസ്താവന ഏറ്റവും നന്നായി ചേരുന്നത് അദ്ദേഹത്തിന് തന്നെയാണെന്ന് നാടിനറിയാമെന്ന് ഫേസ്‌ബുക്ക് പോസ്റ്റില്‍ ആനാവൂര്‍ കുറിച്ചു.

കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് ഇന്ദിരാഭവനില്‍ മുരളീധരന്‍ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ടിന്റെ പ്രായോഗിക രൂപങ്ങളെ സംബന്ധിച്ച്‌ അദ്ദേഹത്തിന്റെ സഹ എം. പിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത് നാട് കണ്ടതാണ്. മുരളീധരന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് ഭരണി പാട്ടിന്റെ ഈരടികള്‍. ഇപ്പോഴും അദ്ദേഹം അത് തുടരുന്നു എന്നാണ് ഈ പ്രസ്താവനയിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട് എന്താണ് എന്ന് ചോദിക്കാന്‍ കഴിയില്ല, കാരണം അദ്ദേഹത്തെ കുറിച്ച്‌ കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇതിനേക്കാള്‍ മോശമാണെന്നും ആനാവൂര്‍ പരിഹസിക്കുകയും ചെയ്തു.