മുംബൈ: എന്‍സിപി നേതാവ് നവാബ് മാലിക്കിന് മറുപടിയുമായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. ചിലര്‍ തന്നെ ലക്ഷ്യമിടുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് സമീര്‍ തന്റെ ഭാഗം വിശദീകരിച്ചു രംഗത്തുവന്നത്. മരിച്ചുപോയ അമ്മയുടെ പേരില്‍ വരെ ആരോപണം ഉന്നയിക്കുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സമീര്‍ വാങ്കഡെ മുസ്​ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയില്‍ സംവരണം ലഭിക്കുന്നതിനായി അതുമറച്ച്‌ വെച്ച്‌ വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു എന്നാണു നവാബ് ആരോപിച്ചത്. സമീര്‍ ദാവൂദ് വാങ്കഡെ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു. നവാബിന്റെ പ്രസ്താവന വിവാദമായതോടെയാണ് വാങ്കഡെ പ്രതികരണവുമായി രംഗത്ത് വന്നത്.

‘തന്റെ വ്യക്തിപരമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അപകീര്‍ത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്നെയും കുടുംബത്തെയും പിതാവിനെയും മരിച്ചുപോയ മാതാവിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്’- സമീര്‍ വ്യക്തമാക്കി.

‘തന്റെ പിതാവ് ധന്യദേവ് കച്‌റൂജി വാംഖഡെ ഹിന്ദുവാണ്. എക്‌സൈസ് വകുപ്പില്‍ നിന്ന് സീനിയര്‍ ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്‌ലിമാണ്. അവര്‍ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ഉള്‍പ്പെടുന്നത്. അതില്‍ അഭിമാനമുണ്ട്. 2006ല്‍ ഡോ. ശബ്‌ന ഖുറേഷിയെ സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം ചെയ്തു. 2016ല്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചനം നേടി. 2017ല്‍ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു’- സമീര്‍ വ്യക്തമാക്കി.