ന്യൂഡല്‍ഹി: കൊറോണ വൈറസ് മനുഷ്യരുടെ ആയൂര്‍ദൈര്‍ഘ്യത്തേയും ബാധിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ ഡീസീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യക്കാരുടെ ജീവിത ദൈര്‍ഘ്യം രണ്ട് വര്‍ഷമായി കുറച്ചുവെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പബ്ലിക്ക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചു.

പുതുതായി ജനിക്കുന്ന ഒരാള്‍ എത്ര വയസ്സുവരെ ജീവിക്കും എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതാണ് ആയൂര്‍ദൈര്‍ഘ്യം. പുരുഷന്മാരുടേയും സ്ത്രീകളുടേയും ആയൂര്‍ദൈര്‍ഘ്യം കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുറഞ്ഞതായി പഠനത്തില്‍ പറയുന്നു. 2019ല്‍ പുരുഷന്മാരുടെ ജീവിത ദൈര്‍ഘ്യം 69.05 വയസ്സായിരുന്നു. സ്ത്രീകളുടേത് 72 വയസ്സും. എന്നാല്‍ കൊറോണ വ്യാപനത്തിന് ശേഷം ഇത് 67ഉം 69ഉം ആയി കുറഞ്ഞെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടതില്‍ കൂടുതലും 39ഉം 60 ഉം വയസ്സിനിടയില്‍ പ്രായമുള്ള പുരുഷന്മാരിലാണെന്നാണ് പഠനം പറയുന്നത്. 145 രാജ്യങ്ങളിലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡിയില്‍ നിന്നുള്ള ഡാറ്റ, കൊറോണ ഇന്ത്യ, ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ ഫേസ്(എ.പി.ഐ.) പോര്‍ട്ടല്‍ ഡാറ്റ എന്നിവ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ ഗവേഷക സംഘം എത്തിയത്.