ഇന്ത്യ-പാക് മത്സര ദിനത്തോടനുബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുക്കുകയാണെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ തല്‍ക്കാലത്തേക്ക് സോഷ്യല്‍ മീഡിയകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് സാനിയ അറിയിച്ചത്. സാനിയയ്ക്ക് മറുപടിയുമായി താരങ്ങളും എത്തിയിട്ടുണ്ട്. ഗുഡ് ഐഡിയ എന്നായിരുന്നു യുവരാജ് സിംഗ് കമന്റ് ചെയ്തത്.

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്തത്. എപ്പോഴൊക്കെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉണ്ടാകാറുണ്ടോ, അപ്പോഴൊക്കെ ട്രോളുകള്‍ക്കും പാരിഹാസങ്ങള്‍ക്കും വിമശനങ്ങള്‍ക്കും സാനിയ പാത്രമാകാറുണ്ട്. ഇന്ത്യക്കാരിയെന്ന നിലയില്‍ ഇന്ത്യയുടെ വിജയം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് സാനിയ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യ-പാക് മത്സര സമയം സാനിയയ്ക്ക് അത്ര സുഖപ്രദമല്ല. എന്നിരുന്നാലും പോര്‍വിളികളും കുത്തുവാക്കുകളും ഉണ്ടാകാതിരിക്കാനാണ് താരത്തിന്റെ ഈ ‘ഊളിയിടല്‍’ എന്നാണു സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല.