കേരളം വീണ്ടുമൊരു പ്രകൃതി ദുരന്തത്തിന് സാക്ഷിയാവുന്ന വേളയില്‍ അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ കുറ്റം ചുമത്തുകയാണ് സമൂഹം. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിനും, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പാറയും, പാറപ്പൊടിയടക്കമുള്ള ഉത്പന്നങ്ങളും ആവശ്യവുമാണ്. ഇവിടെയാണ് പ്രകൃതിക്ക് കോട്ടം വരാത്ത രീതിയില്‍ കരിങ്കല്‍ ഖനനം ചെയ്‌തെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട ആവശ്യം. യൂറോപ്പിലെ ഏറ്റവും വലിയ കരിങ്കല്‍ ക്വാറി നോര്‍വെയിലെ ജെല്‍സ ക്വാറിയെ കുറിച്ച്‌ വിജ്ഞാനപ്രദമായ ലേഖനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിനയരാജ് വി ആര്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യൂറോപ്പിലെ ഏറ്റവും വലിയ കരിങ്കല്‍ ക്വാറി നോര്‍വെയിലെ ജെല്‍സ ക്വാറിയാണ്. മണിക്കൂറില്‍ 3000 ടണ്‍ ആണ് ഇവിടെ നിന്നുമുള്ള ഉല്‍പ്പാദനം. കടല്‍ത്തീരത്തുള്ള ഈ ക്വാറിയുടെ രണ്ടുവലിയ ജെട്ടികളില്‍ ഏതനേരവും 10 ലക്ഷം ടണ്‍ കല്ല് കയറ്റുമതിക്ക് തയ്യാറാക്കി സംഭരിച്ചിട്ടുണ്ടാവും. കപ്പലുകള്‍ വെറതേ കിടക്കാന്‍ ഇടവരാതിരിക്കാനാണ് ഇങ്ങനെ സംഭരിച്ചുവയ്ക്കുന്നത്. വലിയ കപ്പലുകളില്‍ കയറ്റി ഇവ യൂറോപ്പിലേക്കെങ്ങും നാല്‍പ്പതോളം ടെര്‍മിനലുകള്‍ വഴി കയറ്റുമതി ചെയ്യുന്നു. 50000 ടണ്‍ ശേഷിയുള്ള കപ്പലുകളില്‍ കയറ്റുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ 40 ശതമാനത്തോളം ജര്‍മനിയിലേക്ക് മാത്രമാണ് കൊണ്ടപോകുന്നത്. മണിക്കൂറില്‍ 3000 ടണ്‍ ആണ് ഇവിടുത്തെ ലോഡിങ്ങ് കപാസിറ്റി.

ലോകത്തേറ്റവും വലിയ ക്രഷറുകളില്‍ ഒന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാ ആവശ്യത്തിനും ഉതകുന്ന രീതിയില്‍ ഇവിടെനിന്നും കല്ലുകള്‍ ലഭ്യമാക്കുന്നു. രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന ഈ ക്വാറിയില്‍ നിന്നും എല്ലാ കാലാവസ്ഥയിലും രാപകല്‍ വ്യത്യാസമില്ലാതെ കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ കപ്പലില്‍ കയറ്റുന്നു. ഏഴുതരം കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റാവുന്ന ഈ ഭീമന്‍ കപ്പലുകള്‍ സ്വയം തന്നെ ചരക്ക് കരയില്‍ ഇറക്കാന്‍ തക്കവണ്ണം തയ്യാറാക്കിയതാണ്. കണ്‍വെയര്‍ ബെല്‍റ്റുകള്‍ ഉപയോഗിച്ച്‌ കരയില്‍ 86 മീറ്റര്‍ അകലെ വരെ ഇതില്‍ നിന്നും കല്ല് ഇറക്കാനാവും.

ഈ കല്ലുകള്‍ ഉപയോഗിച്ചാണ് യൂറോപ്പില്‍ റോഡുകളും പാലങ്ങളും ഹൈവേകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും പണിയുന്നത്, ഫാക്ടറികള്‍ ഉണ്ടാക്കുന്നത്, അവിടെ തോക്കും യുദ്ധവിമാനങ്ങളും ഉണ്ടാക്കി ഇന്ത്യയ്‌ക്കൊക്കെ വില്‍ക്കുന്നത്. വിറ്റ് സമ്ബത്തുണ്ടാക്കി കലാലയങ്ങള്‍ പണിയുന്നത്, വികസിക്കുന്നത്. ആ കാശിന് വൈദ്യുതകാര്‍ വാങ്ങി സ്വന്തം നാട്ടില്‍ ഓടിച്ച്‌ പരിസ്ഥിതിസ്‌നേഹികളാകുന്നത്. ആ മെറ്റല്‍ ഉപയോഗിച്ച്‌ കടലില്‍ വലിയ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച്‌ ഗ്രീന്‍ എനര്‍ജി ഉണ്ടാക്കുന്നത്.

ഈ ഖനനം നടത്തുന്ന മിബോ െ്രസ്രമ എന്ന കമ്ബനിക്ക് നോര്‍വേയില്‍ത്തന്നെ മൂന്ന് ഭീമന്‍ കരിങ്കല്‍ക്വാറികള്‍ ആണ് ഉള്ളത്. ലോകത്തേറ്റവും പരിസ്ഥിതിസൗഹൃദം എന്നറിയപ്പെടുന്ന രാജ്യങ്ങളിലൊന്നായ നോര്‍വേ കാശുണ്ടാക്കാന്‍ മാത്രമായി കടല്‍ത്തീരത്ത് മണിക്കൂറില്‍ 3000 ടണ്‍ കരിങ്കല്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്വാറി പ്രവര്‍ത്തിപ്പിക്കുന്നു. താഴേക്ക് താഴേക്ക് കുഴിച്ചാണ് ഇവിടെ ഖനനം നടത്തുന്നത്. കടല്‍നിരപ്പിനേക്കാള്‍ നൂറുമീറ്ററോളം ആഴത്തില്‍ ഖനനം നടത്തും. എന്നെങ്കിലും ഖനനം അവസാനിക്കമ്ബോള്‍ ക്വാറി നില്‍ക്കുന്ന സ്ഥലത്തെ യന്ത്രങ്ങള്‍ നീക്കം ചെയ്യും, ആള്‍ക്കാര്‍ അവിടുന്ന് പോകും. ആ സ്ഥലം പ്രകൃതിയ്ക്ക് വിട്ടുകൊടുക്കും.

നമ്മുടെ കടല്‍ക്കരയില്‍ ഖനനം പോട്ടെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വീടുണ്ടാക്കാന്‍ പോലും പറ്റില്ല. പ്രകൃതി കോപിക്കുമത്രേ. കടല്‍ നികത്തി സൗദി അറേബിയ കൃത്രിമദ്വീപുകള്‍ പണിയുന്നു. ജപ്പാന്‍ വിമാനത്താവളം പണിയുന്നു. കായല്‍ക്കരയില്‍ പണിത ഫ്ളാറ്റുകള്‍ പൊളിച്ചുകളഞ്ഞപ്പോള്‍ ആര്‍ത്തുചിരിച്ചവരാണ് നമ്മള്‍, പരിസ്ഥിതിക്കായി എന്തോ നീതി നടപ്പാക്കിയത്രേ. കരിങ്കല്ലും അതിന്റെ ഉല്‍പ്പന്നങ്ങളും ഇല്ലാതെ ലോകത്തിന് മുന്നോട്ട് പോവാനാവില്ല. ഒരുപക്ഷേ നമ്മള്‍ അത് ഖനനം ചെയ്യുന്ന രീതിയില്‍ മാറ്റം വേണ്ടിവന്നേക്കാം, എത്രയും പെട്ടെന്ന് അതിലൊരു തീര്‍പ്പ് ആക്കുന്നത് നല്ലതായിരിക്കും.