കഴിഞ്ഞ ദിവസങ്ങളിലെ അതിതീവ്ര മഴ ശമിച്ചെങ്കിലും വെള്ളയാഴ്ച്ചയോടെ വീണ്ടും ശക്തമാകും.സംസ്ഥാനത്തെ എല്ലായിടങ്ങളിലും മഴ സാദ്ധ്യതയുണ്ടെങ്കിലും മദ്ധ്യ വടക്കന്‍ ജില്ലകളാണ് കൂടുതല്‍ ശക്തമാവാന്‍ സാദ്ധ്യത.വെള്ളിയാഴ്ചയോടെ കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്ന സാഹചര്യത്തിലാണ് മഴ കൂടുന്നത്.ശനിയാഴ്ചയോടെ അറബിക്കടലില്‍ രൂപപ്പെടുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്തിലും മഴയുടെ ശക്തി കൂടും.ഈ ആഴ്ചയോടെ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി തുലാര്‍വര്‍ഷ മഴ ആരംഭിക്കും.22 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വൈകിട്ട് ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്ക് അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യബന്ധനവും പാടില്ല.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.