സീറോ മലബാര്‍ ആരാധനക്രമ വായനകളുടെ രണ്ടാമത്തെ ഗണം അടിസ്ഥാനപ്പെടുത്തി ആരാധനക്രമ കമ്മീഷന് തയാറാക്കിയ ‘വചനവിളക്ക്’ എന്ന ഗ്രന്ഥം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിനു നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്.
വിശുദ്ധഗ്രന്ഥ വായനകളുടെ ശരിയായ വ്യാഖ്യാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ക്രൈസ്തവ വിശ്വാസത്തെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ അതു സഹായിക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
2021 ജനുവരിയില്‍ സീറോ മലബാര്‍ സിനഡിന്റെ തീരുമാനമനുസരിച്ച് പ്രസിദ്ധീകരിച്ച ആരാധനക്രമ വായനകളുടെ രണ്ടാം ഗണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ‘വചനവിളക്ക്’ എന്ന വിശുദ്ധഗ്രന്ഥ പ്രഘോഷണ സഹായി തയാറാക്കിയിരിക്കുന്നത്. പ്രമുഖ ആരാധനക്രമ, ബൈബിള്‍ പണ്ഡിതരാണ് ഇതിന്റെ രചനയില്‍ സഹകാരികളായത്.
സീറോ മലബാര്‍ സഭയിലെ പൗരസ്ത്യ സുറിയാനി ആരാധനക്രമ കലണ്ടര്‍ അനുസരിച്ചുള്ള ഒമ്ബതു കാലങ്ങളിലെയും വായനകളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള വിശകലനവും വ്യാഖ്യാനവുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളുടെ പിന്ബലത്തോടും അജപാലന ആഭിമുഖ്യത്തോടും കൂടെയാണ് വിശുദ്ധഗ്രന്ഥ വായനകളുടെ വ്യാഖ്യാനം തയാറാക്കിയിരിക്കുന്നത്.
പുസ്തകത്തിന്റെ കോപ്പികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ലഭിക്കും.