ന്യൂഡല്‍ഹി: കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധനക്ക്​ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്​. സാമ്ബത്തികപരിഷ്​കാരങ്ങളും കോവിഡും മൂലം വലിയ ധനകമ്മി അനുഭവപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഇത്​ മറികടക്കാനും ജനങ്ങളെ പിഴിയാന്‍ ഒരുങ്ങുകയാണ്​. ഡിസംബറില്‍ നടക്കുന്ന ജി.എസ്​.ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധന സംബന്ധിച്ച്‌​ ചര്‍ച്ചയുണ്ടാവുമെന്നാണ്​ സൂചന.

ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌​ ലൈവ്​ മിന്‍റാണ്​ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. നിലവില്‍ ജി.എസ്​.ടിയിലുള്ള അഞ്ച്​, 12 ശതമാനം സ്ലാബുകള്‍ പരിഷ്​കരിക്കാനാണ്​ കേന്ദ്രസര്‍ക്കാറിന്‍റെ പദ്ധതി. അഞ്ച്​ ശതമാനം സ്ലാബ്​ ആറിലേക്ക​ും 12 ശതമാനം 13ലേക്കും വര്‍ധിപ്പിക്കാനാണ്​ സര്‍ക്കാറിന്‍റെ ആലോചന.

ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന സാധനങ്ങളാണ്​ ഈ നികുതി സ്ലാബില്‍ വരുന്നത്​. ഇവയുടെ നികുതി ഉയര്‍ത്തുന്നത്​ സാധാരണക്കാര്‍ക്ക്​ വലിയ തിരിച്ചടിയാവും സൃഷ്​ടിക്കുക. ഇതുമായി ബന്ധപ്പെട്ട്​ സംസ്ഥാന ധനമന്ത്രിമാര്‍ പഠനം നടത്തി റിപ്പോര്‍ട്ട്​ ജി.എസ്​.ടി കൗണ്‍സില്‍ സമര്‍പ്പിക്കുമെന്നാണ്​ സൂചന. അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ തെര​ഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ഇത്തരമൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ എടുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്​.