കൊല്ലം: കുണ്ടറ സ്വദേശിനിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ എന്‍സിപി പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പരാതിക്കാരിയുടെ അച്ഛന്‍, ആരോപണ വിധേയരായ ജി പത്മാകരന്‍, രാജീവ് എന്നിവരെയാണ് പുറത്താക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവതിയെ, പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. യുവതിയുടെ പേരില്‍ ഫേക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായും ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും ആരോപണം ഉന്നയിച്ച്‌ യുവതി രംഗത്ത് വന്നിരുന്നു. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത്. പരാതി നല്ലരീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.