തിരുവനന്തപുരം : സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. നിരവധിയിടങ്ങളില്‍ മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയുടെയും ഓറഞ്ച് അലര്‍ട്ടിന്റെയും പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര പൂര്‍ണമായും നിരോധിച്ചു. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലാണിത്. അടുത്ത മൂന്ന് ദിവസത്തേക്കാണ് നിരോധനം. 14-ാം തിയതി വരെ വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ യാത്രയ്ക്ക് അനുമതിയില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

ഇതിനിടെ കണ്ണൂരിലെ ആറളത്തില്‍ വനമേഖലയില്‍ ഉരുള്‍പ്പൊട്ടിയതായി സൂചനയുണ്ട്. പ്രദേശത്തെ കക്കുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതും പാലത്തില്‍ വെള്ളം കയറിയതുമാണ് സംശയം ബലപ്പെടുത്തുന്നത്. കണ്ണൂരില്‍ ഇരിട്ടി, ആറളം, കക്കുവ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

പാലക്കാട് അട്ടപ്പാടിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നാണ് വിവരം. ഇതോടെ മന്ദന്‍പൊട്ടി പാലം വെള്ളത്തിനടിയിലാവുകയും ഗതാഗത സൗകര്യം തടസപ്പെടുകയുമായിരുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വരുന്ന നാല് ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ കിളിമാനൂര്‍ തട്ടത്തുമല മുതല്‍ കൊല്ലം ജില്ലയിലെ നിലമേല്‍ വരെയുള്ള ഭാഗം വെള്ളത്തിലായി. റോഡ് തിരിച്ചറിയാന്‍ കഴിയാതെ വെള്ളം നിറഞ്ഞതോടെ സംസ്ഥാന പാത താല്‍ക്കാലികമായി അടച്ചു.