തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ പുരാവസ്‌തുക്കള്‍ വാങ്ങി കബളിപ്പിച്ച കേസില്‍ മോന്‍സന്‍ മാവുങ്കലിനെ മൂന്നു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നല്‍കി. വിശ്വരൂപം, വേളാങ്കണ്ണി മാതാവ്, യേശുദേവന്‍റെ കുരിശില്‍ കിടന്ന രൂപം തുടങ്ങിയ വസ്‌തുക്കള്‍ പ്രതിയുടെ തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ പല പേരുകളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്നും കണ്ടെടുക്കാന്‍ വേണ്ടിയാണ് കസ്റ്റഡിയില്‍ വാങ്ങിയതെന്നാണ് കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് പറയുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

തിരുവനന്തപുരം മുട്ടത്തറ സ്വദേശി സുരേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്‍തത്. സുരേഷ് നിര്‍മിച്ച കരകൗശല ശില്‍പങ്ങളായ സിംഹം, വിശ്വരൂപം, വേളാങ്കണ്ണി മാതാവ്, യേശുദേവന്‍റെ കുരിശില്‍ കിടന്ന രൂപം, കാട്ടുപോത്ത്, കുതിരകള്‍ തുടങ്ങി 80 ലക്ഷം രൂപയുടെ ശില്‍പ്പങ്ങളാണ് മോന്‍സ് സുരേഷിന്‍റെ പക്കല്‍നിന്നും വാങ്ങിയത്.

2019 ജനുവരി രണ്ടിനും മറ്റൊരു ദിവസവും വാങ്ങിയ സാധനങ്ങള്‍ മോന്‍സന്‍റെ കല്ലൂരിലെ വീട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍, സാധനങ്ങള്‍ വാങ്ങിയശേഷം പ്രതി രണ്ടു തവണയായി ഏഴു ലക്ഷം രൂപ മാത്രമേ നല്‍കിയുള്ളൂ എന്നാണ് സുരേഷിന്‍റെ പരാതി.

കഴിഞ്ഞ ദിവസം സംസ്‌കാര ചാനലിന്‍റെ ചെയര്‍മാന്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നല്‍കിയിരുന്നു. ഈ കസ്റ്റഡി അവസാനിച്ച്‌ കോടതയില്‍ ഹാജരാക്കിയപ്പോഴാണ് അടുത്ത കേസില്‍ പ്രതിയെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുന്നത്.