വാഷിങ്ടണ്‍: ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകാരത്തില്‍ ബ്രിട്ടന്റെ നിലപാടിനെ പരോക്ഷമായി സൂചിപ്പിച്ച്‌ യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്. ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിനാണ് താന്‍ സ്വീകരിച്ചതെന്നും എത്ര രാജ്യങ്ങള്‍ ആ വാക്‌സിന്‍ അംഗീകരിച്ചുവെന്ന് അറിയില്ലെങ്കിലും ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും ലഭിച്ചത് അതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ പത്രസമ്മേളനത്തില്‍ വാക്‌സിന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആദ്ദേഹം.

‘ഞാന്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസാണ് സ്വീകരിച്ചത്. ലോകത്തെ മറ്റ് പല രാജ്യങ്ങളും ഇതേ വാക്‌സിനാണ് ഉപയോഗിക്കുന്നത്. വാക്‌സിനെക്കുറിച്ച്‌ നിരവധി സാങ്കേതിക ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് എന്നോട് ചോദിക്കാനുണ്ടാവും. കോവിഷീല്‍ഡ് സ്വീകാര്യമാണോ അല്ലയോ എന്ന് എത്ര രാജ്യങ്ങള്‍ പറയുമെന്ന് എനിക്കറിയില്ല. പക്ഷേ രാജ്യങ്ങളുടെ വലിയൊരു ഭാഗത്തും കോവിഷീല്‍ഡ് ലഭിച്ചു. ആ വാക്‌സിന്‍ എടുത്തതിലൂടെ ഞാന്‍ അതിജീവിക്കുകയും ചെയ്തു’-ഷാഹിദ് പറഞ്ഞു.

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ് അംഗീകരിക്കാന്‍ യുകെ ആദ്യം വിസമ്മതിച്ചിരുന്നു. ഈ തീരുമാനത്തെ ഇന്ത്യ ശക്തമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് യുകെ സെപ്റ്റംബര്‍ 22 ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് വാക്‌സിന്‍ അംഗീകൃത പട്ടിയില്‍ ഉള്‍പ്പെടുത്തി. കോവിഷീല്‍ഡ് വാക്‌സിന്‍ കാര്യത്തിലല്ല, ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലാണ് പ്രശ്‌നങ്ങളെന്നാണ് ബ്രിട്ടന്‍ അപ്പോള്‍ പറഞ്ഞത്. എന്നിരുന്നാലും, ഈ നടപടി കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് കുത്തിവച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ നിയമങ്ങളില്‍ ആശ്വാസം നല്‍കിയിട്ടില്ല.

ആസ്ട്രസെനക്ക വികസിപ്പിച്ചെടുത്ത വാക്‌സിന്‍ കോവിഷീല്‍ഡ് എന്ന പേരിലാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 66 മില്യണ്‍ ഡോസ് വാക്‌സിന്‍ ഇതുവരെ 100 ഓളം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദിന്റെ സ്വദേശമായ മാലിദ്വീപിലേക്ക് 3.12 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്.