തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നടത്തിയത് അക്രമമല്ലായിരുന്നുവെന്നും അതിക്രമം കാണിച്ചത് വാച്ച്‌ ആന്‍ഡ് വാര്‍ഡര്‍മാരാണെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴാണ് പ്രതികള്‍ ഇക്കാര്യം ബോധിപ്പിച്ചത്.

അന്ന് തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവരടക്കം ഇരുപതോളം പേരാണ് ഡയസില്‍ കയറിയത്. അതില്‍ തങ്ങള്‍ മാത്രം എങ്ങനെ പ്രതികളായെന്ന് അറിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചു.

പ്രതിഷേധിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. 21 മന്ത്രിമാര്‍ ഉള്‍പ്പെടെ 140 എം.എല്‍.എമാരും സഭയില്‍ ഉണ്ടായിരുന്നു. അവരാരും കേസില്‍ സാക്ഷികളായില്ല. പൊലീസുകാര്‍ മാത്രമാണ് സാക്ഷികള്‍.

സഭയില്‍ നടന്നത് നിയമലംഘനമല്ല. സഭയിലെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സ്പീക്കറുടെ കസേര, കമ്പ്യൂട്ടര്‍ തുടങ്ങിയവ നശിച്ചത്. കുറ്റപത്രത്തിലും ഇക്കാര്യം വ്യക്തമാണ്. ബഡ്ജറ്റ് പ്രസംഗം തടസ്സപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. സാമാജികര്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ മാദ്ധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ വാങ്ങിയ ഉപകരണങ്ങള്‍ സാമാജികര്‍ക്ക് നശിപ്പിക്കാനാകില്ലെന്നും പ്രതികള്‍ പൂര്‍ണ ബോധത്തോടെയാണ് ആക്രമണം നടത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. വിടുതല്‍ ഹര്‍ജിയില്‍ അടുത്ത മാസം ഏഴിന് വിധി പറയും.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് പ്രതികള്‍.