വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഇരുനേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് വിശേഷിപ്പിച്ച മോദി ഇരുരാജ്യങ്ങള്‍ക്കും സമാനമായ മൂല്യങ്ങളും ഭൂമിശാസ്ത്രപരമായ താല്‍പര്യങ്ങളുമാണ് ഉള്ളതെന്ന് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ സമസ്ത മേഖലകളിലും മികച്ച സഹകരണമാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് അമേരിക്കയും ഇന്ത്യയും. മൂല്യങ്ങള്‍ പരസ്പരം പങ്കിടുന്നതിലൂടെ രണ്ടു രാജ്യങ്ങളുടെയും ഏകോപനവും സഹകരണവും വര്‍ദ്ധിക്കുകയാണെന്നും ഇന്ത്യന്‍ വംശജരായ 40 ലക്ഷം ജനങ്ങള്‍ ഇരുരാജ്യങ്ങളുടെയും മികച്ച സൗഹൃദത്തിനുള്ള പാലമായി വര്‍ത്തിക്കുകയാണെന്നും മോദി വൈസ് പ്രസിഡന്റിനോട് പറഞ്ഞു.

കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാന ലബ്ധി ലോകത്തിന് തന്നെ പ്രചോദനമാണ്. ബൈഡന്‍-ഹാരിസ് നേതാക്കളുടെ ഭരണ നേതൃത്വത്തില്‍ ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലങ്ങളിലേക്ക് കടക്കുമെന്നും മോദി പ്രത്യാശ രേഖപ്പെടുത്തി. ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും ജീവിത പങ്കാളി ഡൗഗ്ലസ് എംഹോഫിനെയും ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി രാജ്യത്തെ ജനങ്ങള്‍ കമലയുടെ വരവിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.

ലോകം വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഘട്ടത്തിലൂടെ സഞ്ചരിക്കുമ്ബോഴാണ് ബൈഡനും ഹാരിസും അധികാരത്തിലേറിയത്. കാലാവസ്ഥാ വ്യതിയാനം, കൊറോണ വ്യാപനം, ക്വാഡ് സമ്മേളനം തുടങ്ങി നിരവധി വിഷയങ്ങളില്‍ വളരെ ചെറിയ സമയം കൊണ്ട് തന്നെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചുവെന്നും നരേന്ദ്രമോദി പ്രശംസിച്ചു. ഇന്ത്യയില്‍ കൊറോണയുടെ രണ്ടാം തരംഗ സമയത്ത് അമേരിക്ക നല്‍കിയ സഹായങ്ങള്‍ക്കും മോദി നന്ദി രേഖപ്പെടുത്തി.

അതേസമയം അമേരിക്കയുടെ നിര്‍ണായക പങ്കാളിയാണ് ഇന്ത്യയെന്ന് കമല ഹാരിസ് പ്രതികരിച്ചു. രണ്ടു രാജ്യങ്ങളും ഒന്നിച്ച്‌ നില്‍ക്കുകയാണെങ്കില്‍ ലോകത്ത് ഗഹനമായ സ്വാധീനം ചെലുത്താന്‍ കഴിയും. കൊറോണ പ്രതിരോധിക്കാന്‍ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്. വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കാന്‍ ഇന്ത്യ സ്വീകരിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്നും വാക്‌സിനേഷനില്‍ ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും കമല ഹാരിസ് പറഞ്ഞു.

ഇന്ത്യയില്‍ കൊറോണ പ്രതിസന്ധി രൂക്ഷമായിരുന്ന വേളയിലാണ് ഇതിന് മുമ്പ്‌ ഇരുനേതാക്കളും ആശയവിനിമയം നടത്തിയിട്ടുള്ളത്.