ഒന്നാം ഏകദിന മത്സരത്തിന്‍റെ ടോസിടാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ പാകിസ്​താനുമായുള്ള പരമ്ബരയില്‍ നിന്ന്​ നാടകീയമായി പിന്മാറി ന്യൂസിലാന്‍ഡ്​. സുരക്ഷാ പ്രശ്​നങ്ങളെ തുടര്‍ന്നാണ്​ ന്യൂസിലാന്‍ഡിന്‍റെ പിന്മാറ്റം. പരമ്ബരക്കായി ഇനി ടീം പാകിസ്​താനില്‍ തുടരില്ലെന്നും ന്യൂസിലാന്‍ഡ്​ ക്രിക്കറ്റ്​ പ്രസ്​താവനയില്‍ അറിയിച്ചു. പാകിസ്​താനില്‍ മൂന്ന്​ ഏകദിന മത്സരങ്ങളും അഞ്ച്​ ട്വന്‍റി 20 മത്സരങ്ങളും കളിക്കാനാണ്​ ന്യൂസിലാന്‍ഡ്​ എത്തിയത്​.

ന്യൂസിലാന്‍ഡ്​ സര്‍ക്കാറില്‍ നിന്ന്​ സുരക്ഷാ മുന്നറിയിപ്പ്​ ലഭിച്ചതിനെ തുടര്‍ന്നാണ്​ മത്സരത്തില്‍ നിന്ന്​ പിന്മാറുന്നതെന്നും ക്രിക്കറ്റ്​ ബോര്‍ഡ്​ അറിയിച്ചു. ടീമിന്‍റെ മടങ്ങിപോക്കിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയെന്ന്​ ക്രിക്കറ്റ്​ ബോര്‍ഡ്​ വ്യക്​തമാക്കിയിട്ടുണ്ട്​. അതേസമയം, ടൂര്‍ണമെന്‍റുമായി മുന്നോട്ട്​ പോവാനുള്ള സന്നദ്ധത പാകിസ്​താന്‍ വ്യക്​തമാക്കി. സന്ദര്‍ശക ടീമുകള്‍ക്ക്​ പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കുമെന്നും പാകിസ്​താന്‍ അറിയിച്ചു.

ന്യൂസിലാന്‍ഡ്​ ടീമി​ന്​ എല്ലാവിധ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന വിവരം പാക്​ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ന്യൂസിലാന്‍ഡ്​ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്​. പരമ്ബരയില്‍ നിന്നും പിന്മാറരുതെന്ന്​ ന്യൂസിലാന്‍ഡ്​ പ്രധാനമന്ത്രിയോട്​ അദ്ദേഹം അഭ്യര്‍ഥിച്ചു. ന്യൂസിലാന്‍ഡ്​ ക്രിക്കറ്റ്​ ടീമിനൊപ്പമുള്ള സുരക്ഷാ സംഘം ഒരുക്കങ്ങളില്‍ സംതൃപ്​തി പ്രകടിപ്പിച്ചുവെന്ന വിവരവും പാകിസ്​താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. അവസാന നിമിഷം ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറുന്നത്​ ക്രിക്കറ്റ്​ ആരാധകര്‍ക്ക്​ കടുത്ത നിരാശ നല്‍കുന്ന തീരുമാനമാണെന്നും പാകിസ്​താന്‍ ക്രിക്കറ്റ്​ ബോര്‍ഡിന്‍റെ പ്രസ്​താവനയില്‍ പറയുന്നു.