പാലാ ബിഷപ്പിന്റെ നാര്‍കോടിക്‌സ് ജിഹാദ് പരാമര്‍ശം രൂക്ഷമായ പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് മന്ത്രി വിഎന്‍ വാസവന്‍. കോട്ടയത്ത് പാലാ ബിഷപ്പിനെ നേരില്‍ക്കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു. തീര്‍ത്തും വ്യക്തിപരമായ സന്ദര്‍ശനമാണ് നടത്തിയത്. സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല എത്തിയത്. നാര്‍കോടിക്‌സ് ജിഹാദ് വിവാദത്തെക്കുറിച്ച്‌ ബിഷപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ല. ബിഷപ്പ് ഒരു പരാതിയും തന്നോട് പറഞ്ഞില്ല. പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുള്ള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.

നാര്‍കോടിക്‌സ് ജിഹാദ് വിഷയത്തില്‍ ഒരു സമവായ ചര്‍ച്ചയുടെ സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകും. തീവ്രവാദികളാണ് പ്രശ്‌നം രൂക്ഷമാക്കാന്‍ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന് പറഞ്ഞ മന്ത്രി അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു.