മുംബൈ: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍ എന്നിവര്‍ സമൂഹത്തിലെ പൊതു പ്രശ്‌നങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ നടന്‍ നസറുദ്ദീന്‍ ഷാ. അഭിപ്രായം പറഞ്ഞാല്‍ തങ്ങള്‍ക്കെതിരെ വലിയ വിദ്വേഷ പ്രചാരണവും ആക്രമണവും നടക്കുമെന്ന ആശങ്ക കാരണമാണ് ഇവര്‍ മിണ്ടാത്തതെന്ന് നസറുദ്ദീന്‍ ഷാ പറയുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

അവര്‍ക്കു വേണ്ടി തനിക്ക് സംസാരിക്കാനാകില്ലെന്നും എന്നാല്‍ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാട് ഉണ്ടെന്ന് അറിയാമെന്നും നസറുദ്ദീന്‍ പറഞ്ഞു. മുസ്ലീംങ്ങള്‍ക്കെതിരെ മാത്രമല്ല, നിലപാടുകളുടെ പേരില്‍ സംവിധായകന്‍ ആനന്ദ് പട്വര്‍ധനെതിരെ വലത് പക്ഷത്ത് നിന്നും വലിയ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിവേചനം നിലനില്‍ക്കുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് ഏറ്റവും കൂടുതല്‍ പണം ഉണ്ടാക്കുന്നത് എന്നത് അനുസരിച്ചാണ് ബോളിവുഡില്‍ ഓരോരുത്തരുടേയും വില നിശ്ചയിക്കുന്നത്. ഇപ്പോഴും ‘ഖാന്‍’മാര്‍ തന്നെയാണ് ഈ മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതെന്നും നസറുദ്ദീന്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ സംസാരിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഒരിക്കല്‍ പാകിസ്താനിലേക്കുള്ള ടിക്കറ്റ് വരെ ആളുകള്‍ അയച്ചു തന്നിരുന്നുവെന്നും നസറുദ്ദീന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം താലിബാനെതിരേയും നസറുദ്ദീന്‍ ഷാ എത്തിയിരുന്നു. തിലാബാന്റെ തിരിച്ചു വരവില്‍ ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ സന്തോഷിക്കുന്നത് അപകടകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.