യൂക്രൈനും റഷ്യയും തമ്മിൽ സംഘർഷം തുടരുന്നതിനിടെ 107 യുദ്ധത്തടവുകാരെ വീതം പരസ്പരം കൈമാറാൻ തീരുമാനിച്ചു. ഇതേസമയം, യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കി. സാപൊറീഷ്യ ആണവ നിലയത്തിലേക്കുള്ള ഹൈടെൻഷൻ ലൈനുകൾ തകർന്നതോടെ നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വീണ്ടും തടസ്സപ്പെട്ടു.
യുക്രെയ്ൻ മുന്നേറുന്ന ഹേഴ്സനിൽ നിന്ന് റഷ്യൻ സേന പൂർണമായി പിന്മാറി. റഷ്യൻ സേനയെ നശിപ്പിക്കാൻ യുക്രെയ്ൻ ഡിനിപ്രോ നദിയിലെ കഖോക്വ അണക്കെട്ട് തകർക്കാൻ പദ്ധതിയിടുന്നതായി ആരോപിച്ചാണ് പിന്മാറ്റം. ഇതിനു സമീപമുള്ള മുഴുവൻ ജനങ്ങളോടും ഒഴിയാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഭക്ഷ്യധാന്യ കയറ്റുമതിക്ക് യുഎൻ മധ്യസ്ഥതയിലുണ്ടാക്കിയ കരാറിൽ നിന്ന് താൽക്കാലികമായി പിൻവാങ്ങിയ റഷ്യ തുർക്കിയുടെ സമ്മർദത്തെത്തുടർന്ന് സഹകരണം തുടരാൻ തീരുമാനിച്ചു.
യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യധാന്യ നീക്കം തടസ്സപ്പെടുത്തില്ല. ക്രൈമിയയിൽ റഷ്യയുടെ കരിങ്കടൽ കപ്പൽ വ്യൂഹത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഡ്രോൺ ആക്രമണത്തിനു പിന്നിൽ ബ്രിട്ടനാണെന്ന് ആരോപിച്ച് ബ്രിട്ടിഷ് അംബാസഡറെ മോസ്കോയിലെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.



