കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനില്‍ക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിഷപ്പ് പറഞ്ഞത് സമൂഹം ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭീകരസംഘടനകള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആഗോള തലത്തില്‍ തന്നെ അവര്‍ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ഷം മാത്രം 3000 കോടിയുടെ ഹെറോയിനാണ് കേരളത്തില്‍ പിടിച്ചത്.. ഇന്ത്യയിലേക്ക് വന്ന മയക്കുമരുന്നിന്റെ 75 ശതമാനവും കേരളത്തിലാണ്. പിടിച്ചെടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിപണനം ചെയ്യപ്പെടുന്നത്.

ഭീകരവാദം ഓരോ വീടിന്റെയും വാതിലുകളില്‍ മുട്ടിനില്‍ക്കുന്ന സമയമാണിത്. വളരെ വേഗത്തില്‍ അതെല്ലാവരെയും ബാധിക്കും. ഏതു മതത്തില്‍ പെട്ടവര്‍ക്കും അത് ദുരതമാണ് നല്‍കുക. ഈ സാഹചര്യം മനസിലാക്കി വേണം ബിഷപ്പിന്റെ അഭിപ്രായം മുന്‍ വിധികളില്ലാതെ ചര്‍ച്ച ചെയ്യേണ്ടതും നടപടി സ്വീകരിക്കേണ്ടതുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
മുസ്ലീം സമൂഹത്തിലെ ഉല്‍പ്പതുഷ്ണുക്കളായ പണ്ഡിതര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കി ബിഷപ്പിനെ പിന്തുണയ്ക്കുകയും തുറന്ന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും വേണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തീവ്രവാദികളെ തിരുത്താന്‍ അവര്‍ രംഗത്തു വരണം.

ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക ബിഷപ്പ് പങ്കുവച്ചത് മുന്നില്‍ ഭീതിദമായ നിരവധി കാര്യങ്ങള്‍ ഉള്ളതിനാലാണ്. ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവം നമുക്കറിയാം. എന്തിനു വേണ്ടിയാണത് ചെയ്തത്. ഭീകരവാദം എത്രത്തോളം വേരുപടര്‍ത്തിയിരിക്കുന്നു എന്ന് വ്യക്തമാണ്. എന്നാല്‍ ഇനി അത്തരം കാര്യങ്ങള്‍ അവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഈരാറ്റുപേട്ടയിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് പാല ബിഷപ്പിനെ ആക്രമിക്കാന്‍ അനുവദിക്കില്ല. അക്കാലം കഴിഞ്ഞതായി സുരേന്ദന്‍ ഓര്‍മ്മിപ്പിച്ചു.

ഈരാറ്റുപേട്ടക്കാര്‍ വന്ന് പാലായില്‍ വെല്ലുവിളി പ്രകടനം നടത്തി. അതു നല്‍കുന്ന സന്ദേശം വ്യക്തമാണ്. തീവ്രവാദികള്‍ക്ക് അഴിഞ്ഞാട്ടം നടത്താന്‍ അനുവാദം നല്‍കിയാല്‍ വലിയ വില നല്‍കേണ്ടി വരും.
ബിഷപ്പിനെ അനുകൂലിക്കുന്നവരെയും തീവ്രവാദികള്‍ക്കെതിരെ സംസാരിക്കുന്നവരെയും സംഖി എന്ന് പറയുകയാണ്. സംഖിയെന്ന് വിളിച്ചാല്‍ പിന്നെ ആരും ഒന്നും പേടിച്ച്‌ മിണ്ടില്ലന്നാണ് വിചാരം. അക്കാലവും കടന്നുപോയി.

ചിലരെയൊക്കെ ഭയന്നും മറ്റുചില ലക്ഷ്യത്തോടെയുമാണ് പിണറായി വിജയനും വി.ഡി.സതീശനുമെല്ലാം ബിഷപ്പിനെതിരെ രംഗത്തു വന്നത്. അവര്‍ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുകയും അന്വേഷണം നടത്തുകയുമാണ് വേണ്ടത്.
ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഒന്നുമില്ലന്ന് പറയുന്നവര്‍ കേരളത്തില്‍ നിന്ന് ഐ എസിലേക്ക് പോയവരെ കുറിച്ച്‌ സംസാരിക്കുന്നില്ല. പ്രണയിച്ച പെണ്‍കുട്ടികളെ സിറിയയിലേക്ക് നാടുകടത്തുന്നത് എന്തിനാണ്. പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ മതംമാറ്റി ഭീകരസംഘത്തിലെത്തിക്കുന്ന നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമ്ബോഴും ലൗ ജിഹാദ് ഇല്ലന്ന് വാദിക്കുന്ന വര്‍ ഭീകരതയെ പിന്തുണയ്ക്കുകയാണ്.

നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്. ലോകമെങ്ങും ഇസ്ലാമികവത്കരണം നടത്താന്‍ ലക്ഷ്യമിട്ടിറങ്ങിയവര്‍ മതംമാറ്റിയും ജനസംഖ്യ വര്‍ധിപ്പിച്ചും അതിലേക്ക് എത്താന്‍ പരിശ്രമിക്കുന്നു. ജനസംഖ്യാ വര്‍ധനവിന്റെ കണക്ക് പരിശോധിച്ചാല്‍ തന്നെ അത് വ്യക്തമാകും.
പാലാ ബിഷപ് ഉന്നയിച്ച വിഷയത്തിനാണ് പ്രാധാന്യം. ആരു പറഞ്ഞു എന്നതിനല്ല. വിഷയം പൊതു സമൂഹം ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. സുരേന്ദ്രന്‍ വ്യക്തമാക്കി.