ദുബായ്: നഴ്‌സിംഗ് മേഖലയിലടക്കം സ്വകാര്യവത്ക്കരണം നടത്താന്‍ യുഎഇ പദ്ധതി. തീരുമാനം മലയാളികള്‍ക്ക് വന്‍ തിരിച്ചടിയാകും. നഴ്‌സിംഗില്‍ ഡിഗ്രി, ഡിപ്ലോമ കോഴുസുകള്‍ തുടങ്ങാനും അഞ്ച് വര്‍ഷത്തിനകം 10000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

നഴ്‌സിംഗ്, അക്കൗണ്ടിംഗ്, പ്രോഗ്രാമിംഗ് മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് 5000 ദിര്‍ഹം ബോണസ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ഈ ജോലികളിലേയ്ക്ക് സ്വദേശികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അക്കൗണ്ടിംഗ്, നേഴ്‌സിംഗ് മേഖലയില്‍ കേരളത്തില്‍ നിന്നും നിരവധിയാളുകളാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയാകും.

സ്വകാര്യമേഖലയില്‍ 75000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാണ് പദ്ധതിയിടുന്നത്. സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ പ്രതിവര്‍ഷം രണ്ട് എന്ന കണക്കില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. അഞ്ച് വര്‍ഷം കഴിയുമ്ബോള്‍ പത്ത് ശതമാനം ജീവനക്കാര്‍ സ്വദേശികളായിരിക്കണം. സ്വകാര്യമേഖലയില്‍ 20,000 ദിര്‍ഹത്തില്‍ താഴെ ശമ്ബളമുള്ള ജോലികള്‍ ചെയ്യുന്ന സ്വദേശികള്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിര്‍ഹം പ്രതിമാസ അലവന്‍സ് നല്‍കും.

ജോലി നഷ്ട്ടപ്പെടുന്ന സ്വദേശികള്‍ക്ക് ആറ് മാസം വരെ സാമ്ബത്തീക സഹായം നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.