കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം ചാവേര്‍ ആക്രമണം നടത്തിയ ഖൊരാസന്‍ അഥവാ ഐസിസ് കെ താലിബാന്റെ ശക്തിയും ദൗര്‍ബല്യവും ശരിക്കറിയാവുന്ന കൊടും ഭീകരര്‍. എന്ത് ക്രൂരതയ്ക്കും മടിക്കാത്ത ഇവര്‍ ഐസിസിന്റെ അഫ്ഗാന്‍ ഉപവിഭാഗമാണ്. താലിബാനില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഇവര്‍ 2014ല്‍ രൂപീകരിച്ചതാണ് ഖൊരാസന്‍. ആയുധ ശക്തിയുടെയും സമ്ബത്തിന്റെയും കാര്യത്തില്‍ താലിബാനോളം വരില്ലെങ്കിലും അഫ്ഗാനിലെ പല പ്രവിശ്യകളിലും അധികാരം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ ടെസ്റ്റ് ഡോസാണ് ഇന്നലത്തെ ചാവേര്‍ ആക്രമണം എന്നാണ് വിലയിരുത്തുന്നത്.

വടക്കുകിഴക്കന്‍ അഫ്ഗാനിലെ കുനാര്‍, നംഗര്‍ഹാര്‍, നൂരിസ്താന്‍ എന്നിവിടങ്ങളിലാണ് ഖൊരാസന്‍ ഭീകരരുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. ഇതിനൊപ്പം പാകിസ്ഥാനിലും ശക്തമായ വേരോട്ടമുണ്ട്. പാകിസ്ഥാനില്‍ നിന്നാണ് ആളും അര്‍ത്ഥവും പ്രധാനമായി ഇവര്‍ക്ക് ലഭിക്കുന്നത്. അഫ്ഗാനില്‍ ഇവര്‍ക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകരാണുള്ളത്. പക്ഷേ, താലിബാനെപ്പോലെ നേരിട്ട് ആയുധവുമായി രംഗത്തിറങ്ങുന്നില്ലെന്ന് മാത്രം. അവസരം കിട്ടുമ്ബോള്‍ അപ്രതീക്ഷിതമായ രീതിയില്‍ പ്രതികരിക്കും. ശത്രുവിന് ഏറ്റവും കനത്ത നാശമുണ്ടാക്കാനാവും ശ്രമം. പ്രവിശ്യകള്‍ പിടിക്കാന്‍ ശക്തമായ ആക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിടുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടയ്ക്ക് ചില പ്രവിശ്യകള്‍ പിടിക്കാനുള്ള ശ്രമത്തിനൊടുവില്‍ താലിബാനോട് പരാജയപ്പെട്ടതിന്റെ കണക്ക് തീര്‍ക്കുന്നതായിരിക്കും വരാനിരിക്കുന്ന ആക്രമണങ്ങള്‍. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഒരുങ്ങിയിരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അഫ്ഗാനിലും പാകിസ്ഥാനിലും സമീപകാലത്ത് നടത്തിയ മാരകമായ ആക്രമണങ്ങള്‍ ഇവരുടെ ശക്തി വ്യക്തമാക്കുന്നുണ്ട്.ഷിയ വിഭാഗക്കാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.കാബൂളില്‍ ഷിയാ വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശത്തെ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ആയുധധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ ഗര്‍ഭിണികളടക്കം പതിനാറിലധികം പേരാണ് കൊല്ലപ്പെട്ടത്. താലിബാനെ അംഗീകരിക്കാന്‍ ഖൊരാസന്‍ ഒരിക്കലും തയ്യാറല്ല. അതുപോലെതന്നെയാണ് തിരിച്ചും. വിശ്വാസത്തെ ഉപേക്ഷിച്ചവര്‍ എന്നാണ് ഖൊരാസനെ താലിബാന്‍ വിശേഷിപ്പിക്കുന്നത്.

അഫ്ഗാനിലെ താലിബാന്റെ ഇപ്പോഴത്തെ അധികാരകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാബൂള്‍ തന്നെ ആക്രമണത്തിന് തിരഞ്ഞെടുത്തതിന് പിന്നില്‍ ലക്ഷ്യങ്ങള്‍ പലതുണ്ടെന്നാണ് രഹസ്വാനേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കുന്നത്. അഫ്ഗാനികള്‍ വിമാനത്താവളത്തിനുളളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ പരിശോധനകളാണ് താലിബാന്‍ നടത്തുന്നത്. താലിബാന്റെ കണ്ണുവെട്ടിച്ച്‌ ആര്‍ക്കും വിമാനത്താളവത്തിനടുത്തേക്ക് പോകാനാവില്ല. അത്തരത്തിലുള്ള പരിശോധനയെ വെല്ലുവിളിച്ചാണ് സ്ഫോടക വസ്തുക്കളുമായി ചാവേറുകള്‍ എത്തിയത്. ഇതിലൂടെ താലിബാന്‍ പദ്ധതികളെ പൊളിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് അവരെയും ലോകത്തിനും വ്യക്തമാക്കിക്കൊടുക്കുക എന്നതാണ് ലക്ഷ്യങ്ങളില്‍ ഒന്ന്.

തങ്ങളും മാതൃ സംഘടനയായ ഐസിസും മാത്രമാണ് ലോകത്തിലെ യഥാര്‍ത്ഥ ജിഹാദികളെന്ന് വ്യക്തമാക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാനെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ അഭിനന്ദനം കൊണ്ട് മൂടുകയാണ്. എന്നാല്‍ അമേരിക്കയുമായി കരാര്‍ ഉണ്ടാക്കിയ താലിബാന്‍ ജിഹാദികളല്ലെന്നും അവര്‍ ജിഹാദിനെ അമേരിക്കയ്ക്കുമുന്നില്‍ അടിയറവച്ചുവെന്നുമാണ് ഖൊരാസന്‍ പറയുന്നത്.