കോതമംഗലം നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. മാനസയുടെ മൃതദേഹം രാവിലെ എട്ടുമണിയോടെ കണ്ണൂര്‍ നാറാത്ത് വീട്ടിലെത്തിക്കും. തുടര്‍ന്ന് പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്‌കാരം.

രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നതില്‍ അന്വേഷണം തുടരുകയാണ്. തോക്കിന്റെ ഉറവിടം കണ്ടെത്താനായി രഖിലിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തേക്കും. രഖിലിന്റെ ബിസിനസ് പാര്‍ട്ണര്‍ ആയ ആദിത്യന്റെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴി പൊലീസ ്‌വിശദമായി രേഖപ്പെടുത്തും.

മാനസയെ കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നതെന്നാണ് സൂചന. ലൈസന്‍സ് ഇല്ലാത്ത ഈ തോക്ക് കേരളത്തില്‍ കണ്ടുവരാത്ത തരമാണെന്നാണ് പ്രാഥമിക നിഗമനം. തോക്ക് ഫാക്ടറി നിര്‍മിതമല്ലെന്നും കണ്ടെത്തിയുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്. രഖില്‍ വടക്കേ ഇന്ത്യയില്‍ പോയതായി സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പോയതായാണ് വിവരം. വടക്കേ ഇന്ത്യയില്‍ ലഭിക്കുന്ന തരത്തിലുള്ള ഈ തോക്ക് രഖില്‍ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതാകാമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നെല്ലിക്കുഴിയിലെ ദന്തല്‍ കോളജിന് സമീപമുള്ള വാടക വീട്ടിലെത്തിയാണ് രഖില്‍, മാനസയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രഖില്‍ സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.