പ്രണയം തകര്‍ന്നതില്‍ രഖില്‍ കടുത്ത നിരാശയിലായിരുന്നുവെന്നും മാനസയെ കാണാനായി മാത്രമാണ് ഏറണാകുളത്തേക്ക് പോയതെന്നും സുഹൃത്ത് ആദിത്യന്‍റെ മൊഴി. പ്രണയം തകര്‍ന്നതില്‍ രഖില്‍ കടുത്ത നിരാശയിലായിരുന്നെന്നും മാനസയോട് പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ എന്ന് പറഞ്ഞാണ് കണ്ണൂരില്‍ നിന്നും പോയതെന്നും സുഹൃത്ത് പറഞ്ഞു.

കോതമംഗലത്തു നിന്നുള്ള പൊലീസ് സംഘം രഖിലിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. രഖിലിന്റെ ഉത്തരേന്ത്യന്‍ യാത്രകളെ കുറിച്ചും സുഹൃദ് ബന്ധങ്ങളെ കുറിച്ചും കണ്ണൂര്‍ പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് രഖില്‍ ബീഹാറില്‍ നിന്ന് വാങ്ങിച്ചതാകാം എന്നും പൊലീസ് സംശയിക്കുന്നു. ജൂലായ് 12 നാണ് രഖില്‍ എറണാകുളത്ത് നിന്നും ബീഹാറിലേക്ക് പോയത്. ഇന്റീരിയര്‍ ഡിസൈനിങ് പണികള്‍ക്കായി തൊഴിലാളികളെ കണ്ടെത്താനാണ് ഉത്തരേന്ത്യയിലേക്ക് പോയതെന്നായിരുന്നു മറ്റുള്ളവരോട് പറഞ്ഞത്.

ജൂലായ് 7ന് പോലീസ് രഖിലിന് താക്കീത് നല്‍കി പറഞ്ഞയച്ചതിന് പിന്നാലെ നടത്തിയ ബീഹാര്‍ യാത്രയാണ് പൊലീസ് സംശയിക്കുന്നത്. ബീഹാറില്‍ തോക്ക് കിട്ടുമെന്ന വിവരം ഇന്റര്‍നെറ്റിലൂടെ ലഭിച്ചിട്ടുണ്ടാകാം എന്നതാണ് നിഗമനം. അതേസമയം, മാനസയുടെയും രഖിലിന്റെയും സംസ്‌കാരം നാളെ കണ്ണൂരില്‍ നടക്കും.