കുതിരാൻ തുരങ്കം തുറക്കാൻ ദേശീയ പാത അതോറിറ്റിയുടെ അനുമതി. സുരക്ഷാ പരിശോധന പൂർത്തിയായി. തുരങ്ക പാത എന്ന് മുതൽ ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന കാര്യം പൊതു മരാമത്ത് വകുപ്പ് തീരുമാനമെടുക്കും.

തുരങ്കത്തിൽ മണ്ണിടിച്ചിൽ സാധ്യത ഇല്ലെന്ന് പരിശോധനനയിൽ കണ്ടെത്തി. ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ, റീജിയണൽ ഡയറക്ടർക്ക് പരിശോധന ഫലം സംബന്ധിച്ച കത്ത് കൈമാറി. തുരങ്ക കവാടത്തിൽ മണ്ണിടിഞ്ഞു വീഴാതിരിക്കാൻ കോൺക്രീറ്റിങ് ഉൾപ്പടെയുള്ള പ്രവർത്തികൾ പൂർത്തിയായി. കൂടാതെ വൈദ്യുതീകരണം, ചൂട്, കാർബൻ ഡൈ ഓക്‌സസൈഡ് എന്നിവയുടെ അളവ് അറിയാനുള്ള സെൻസർ സംവിധാനം, തുരംഗത്തിനു പുറത്തെ കണ്ട്രോൾ റൂം പൊടി പടലം മാറ്റാനുള്ള സംവിധാനം, ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയ കാര്യങ്ങളും പ്രവർത്തന സജ്ജമായിട്ടുണ്ട്.

കുതിരാൻ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാനായേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തൃശൂർ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെ തുരങ്കത്തിന് പച്ചകൊടി നൽകി ദേശീയ പതാ അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചു. തുരങ്കം ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

ദേശീയപാത 544ൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂർ ജില്ലയിലെ മണ്ണുത്തിക്കും ഇടയിൽ നിർമ്മാണത്തിലുള്ള ഒരു തുരങ്കമാണ് കുതിരാൻ തുരങ്കം. കുതിരാൻ മലയെ തുരന്നുകൊണ്ടുള്ള ഈ തുരങ്കപാതയ്ക്ക് മാസ്റ്റർ പ്ലാൻ പ്രകാരം 920 മീറ്ററാണ് നീളം. തുരങ്കമുഖം ഉൾപ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റർ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെറ നിർമ്മാണം. ഉയരം പത്തു മീറ്റർ. തുരങ്കങ്ങൾ തമ്മിൽ 20 മീറ്റർ അകലമുണ്ട്. 450 മീറ്റർ പിന്നിട്ടാൽ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതിൽ ഒരു തുരങ്കം 2017 ഫെബ്രുവരിയിൽ തുറന്നിരുന്നു. എങ്കിലും അത് ഏതാനും ദിവസങ്ങൾക്കകം തന്നെ അടയ്ക്കുകയും തുടർനിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. ഈ തുരങ്കപാതയാണ് ഇപ്പോൾ ഓഗസ്റ്റ് ഒന്നിന് തുറക്കാൻ ഉദ്ദേശിക്കുന്നത്.

നേരത്തെ കുതിരാൻ തുരങ്ക പാതയ്ക്ക് അഗ്നിശമനസേനയുടെ സുരക്ഷാ അനുമതി ലഭിച്ചിരുന്നു. തുരങ്കത്തിലെ സുരക്ഷാക്രമീകരണങ്ങൾ തൃപ്തികരമെന്ന് അഗ്നിശമനസേന അറിയിച്ചു. തീയണക്കാൻ 20 ഇടങ്ങളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. കാർബൺ മോണോക്സൈഡ് നീക്കാൻ പ്രത്യേക ഫാനുകൾ പത്തെണ്ണം ക്രമീകരിച്ചു. തുരങ്കത്തതിന് ഉള്ളിലോ തുരങ്കമുഖത്തിന് സമീപമോ അഗ്‌നി ബാധ ഉണ്ടായാൽ അണയ്ക്കാൻ നിലവിലെ സംവിധാനങ്ങൾ പര്യാപ്തമാണെന്നാണ് അഗ്നിശമന സേനയുടെ വിലയിരുത്തൽ. തീ അണയ്ക്കാൻ രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വെള്ള ടാങ്കാണ് തുരങ്കത്തിൽ ഉള്ളത്. ഫയർ ഹൈഡ്രന്റ് സിസ്റ്റവും സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്.