ടോക്കിയോ ഒളിമ്ബിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം വെയ്റ്റ് ലിഫ്റ്റില്‍ മീരബായ് ചാനു എന്ന ഇരുപത്തിയാറുകാരി നേടിയത് വെള്ളി. ഇന്ത്യയുടെ അഭിമാനം എടുത്തുയര്‍ത്തിയ പെണ്‍കുട്ടി മീര ബായ് ചാനു.

2016 റിയോ ഒളിമ്ബിക്‌സില്‍ ഇതേ പേര് നമ്മള്‍ കേട്ടിട്ടുണ്ട്.കണ്ണുനീര്‍ വീഴ്ത്തിയ മീര ബായ് ചാനു എന്ന പെണ്‍കുട്ടിയെപ്പറ്റിയുള്ള വാര്‍ത്തയായിരുന്നു അത്.നാല്പത്തെട്ട്‍ കിലോ ഭാരോദ്വഹന മത്സരം. ആറു ശ്രമങ്ങളില്‍ ഒരെണ്ണം മാത്രമായിരുന്നു അന്ന് മീര ബായ് ചാനുവിന് ഉയര്‍ത്താന്‍ കഴിഞ്ഞത്. അന്ന് തല കുനിച്ച്‌,സങ്കടത്തോടെ വിതുമ്ബികൊണ്ട് നടന്നുപോകുന്ന മീരബായ് ചാനു വാര്‍ത്തയായിരുന്നു എങ്കില്‍ ഇന്ന് ഇന്ത്യയുടെ അഭിമാനമായി,രാജ്യത്തെ ഒളിമ്ബിക്‌സ് മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തിച്ച കായികതാരമാണ് ഈ മണിപ്പൂര്‍കാരി.

 

 

 

ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീര ബായ് ചാനു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്ബിക്സ് ‌ ഭാരോദ്വഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത പേരെഴുതുന്നത്.

സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് മീര ബായ് ചാനു ഇന്ത്യക്ക് ടോക്കിയോയിലെ ആദ്യ മെഡല്‍ സമ്മാനിച്ചത്. സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി മീര ബായ് ചാനു .

 

 

മണിപ്പൂരിലെ സാധാരണ കുടുംബത്തിലായിരുന്നു മീര ബായ് ചാനുവിന്റെ ജനനം. വിറക് ശേഖരിക്കാന്‍ ചേട്ടനോടൊപ്പം പോയ മീരാബായി ചാനു, ചേട്ടന്‍ ചുമന്നതിനേക്കാള്‍ ഭാരമുള്ള വിറക് കെട്ട് അനായാസം എടുത്ത് പൊക്കുന്നത് വീട്ടുകാരെ ചിന്തിപ്പിച്ചു. ഒരു താരം അവിടെ ജനിക്കുകയായിരുന്നു എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ മീരബായ് ചാനു റിയോ ഒളിമ്ബിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട് . സ്‌നാച്ചില്‍ 79 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 90 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്.

 

 

ഗ്‌ളാസ്‌ഗോയില്‍ 2014ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേട്ടവും കുറിച്ചിട്ടുണ്ട്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരബായ് ചാനു. കര്‍ണ്ണം മല്ലേശ്വരിയാണ് ഇതിനു മുന്നേ വെങ്കല മെഡല്‍ നേടിയിട്ടുള്ളത്. 2000ല്‍ നടന്ന സിഡ്‌നി ഒളിമ്ബിക്സില്‍ ആയിരുന്നു അത്.