ദുബായ്: യുഎഇ സമ്പൂര്‍ണ ഡിജിറ്റല്‍വത്ക്കരണത്തിലേക്ക് കുതിപ്പ് നടത്തിയാല്‍ ഈ മേഖലയില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുമെന്ന് വിദഗ്ധര്‍. കോഡിങ് വിദഗ്ദര്‍ അടക്കം ഈ രംഗത്ത് വൈദഗ്ധ്യമുള്ളവരെ കൂടുതലായി കൊണ്ടുവരാനും കണ്ടെത്താനുമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാരും നടപടി ആരംഭിച്ചിട്ടുണ്ട് . നാഷനല്‍ പ്രോഗ്രാം ഫോര്‍ കോഡേഴ്സ് എന്ന പദ്ധതി തന്നെ ഇതിന് ഉദാഹരണമാണെന്ന് മേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ പദ്ധതി പ്രഖ്യാപിച്ചത് അടുത്തിടെയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 1000 ഡിജിറ്റല്‍ കമ്പനികള്‍ തുറക്കാനും പ്രതിഭകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഒരു ലക്ഷത്തോളം കോഡര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ആമസോണ്‍, സിസ്കോ, ഐബിഎം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എച്ച്‌പിഇ, ലിങ്ക്ഡിന്‍, ഫെയ്സ്ബുക്ക് തുടങ്ങിയ വമ്ബന്‍മാരെല്ലാം ഇതില്‍ സഹകരിക്കുന്നുണ്ട്. എക്സ്പോ പോലുള്ള മഹാമേളയ്ക്കു ശേഷം ഡിജിറ്റല്‍ രംഗത്തെ കുതിപ്പിന് വേഗം കൂടുമെന്നാണ് വിലയിരുത്തല്‍.

കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണം തുടങ്ങിയവയ്ക്കെല്ലാം അതിവേഗ വളര്‍ച്ചയുണ്ടാകുമെന്നാണ് അനുമാനം .യുഎഇയിലെ 45% പരമ്പരാഗത തൊഴില്‍ മേഖലയും അടുത്ത മൂന്നു വര്‍ഷത്തിനകം മാറും. ആ സ്ഥാനത്ത് സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ കൂടുതലായി വേണ്ടിവന്നേക്കും.