ഒളിമ്പിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യ ഫൈനലിൽ. ലോക രണ്ടാം നമ്പർ താരമായ ഇന്ത്യയുടെ സൗരഭ് ചൗധരി പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ 586 സ്‌കോർ നേടിയാണ് ഫൈനലിൽ പ്രവേശിച്ചത്. 95, 98, 98, 100, 98 , 97 എന്നിങ്ങനെയാണ് സൗരഭ് ചൗധരി വിവിധ റൗണ്ടുകളിൽ നേടിയ സ്‌കോർ.

എന്നാൽ അഭിഷേക് വർമയ്ക്ക് വിചാരിച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ല. വിവിധ റൗണ്ടുകളിലായി 94,96,98,97,98, 92 എന്നിങ്ങനെയാണ് താരം നേടിയ സ്‌കോറുകൾ. 17-ാം സ്ഥാനത്താണ് അഭിഷേക് വർമ എത്തിയത്.

അതേസമയം, മിക്‌സഡ് ഡബിൾ ഇവന്റിൽ ഇന്ത്യയുടെ ശരത്ത് കമാൽ, മണിക ബത്ര എന്നീ സഖ്യം ചൈനയുടെ തായ്‌പെയ് സഖ്യമായ യുൻ ജു ലിൻ, ചിംഗ് ചെംഗ് എന്നിവരോട് പരാജയപ്പെട്ടു.

ഹോക്കിയിൽ വിജയത്തോടെയാണ് ഇന്ത്യ ഇന്ന് തുടങ്ങിയത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

ടോക്യോ ഒളിമ്പിക്‌സിൽ ആദ്യ സ്വർണം ചൈനയാണ് കരസ്ഥമാക്കിയത്. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിളിലാണ് സ്വർണ നേട്ടം. ചൈനയുടെ യാങ് കിയാംഗ് ആണ് ഈ ഒളിമ്പിക്‌സിലെ ആദ്യ സ്വർണം കരസ്ഥമാക്കിയത്. റഷ്യയ്ക്കാണ് വെള്ളി. സ്വിറ്റ്‌സർലൻഡിനാണ് വെങ്കലം.

അതേസമയം, അമ്പെയ്ത്ത് മിക്‌സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിലെത്തി. ദീപിക കുമാരിപ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെ തോൽപ്പിച്ചു. അടുത്ത എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്. ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്. അമ്പെയ്ത്തിൽ മെഡൽ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങളായ ദീപിക കുമാരിയും പ്രവീൺ ജാദവും കാഴ്ചവച്ചത്. അവസാന സെറ്റ് വരെ ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്. ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. മൂന്ന് ശ്രമങ്ങൾ ഒഴികെ ബാക്കിയെല്ലാ ശ്രമങ്ങളിലും കൃത്യം പത്ത് പോയിന്റ് കണ്ടെത്തിയ ദീപിക കുമാരിയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തെ തളച്ചത്.

അതേസമയം, ഇന്ത്യൻ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. 2016 റിയോ ഗെയിംസിൽ 36 വർഷത്തിനിടെ ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുത്ത ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീം ചരിത്രത്തിൽ ആദ്യമായി ടോക്കിയോയിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതർലാൻഡിനെതിരെ നേരിടും.

ഇന്ത്യ ഇന്ന് പ്രതീക്ഷ വയ്ക്കുന്ന മറ്റ് മത്സരങ്ങൾ 49 കിലോ ഭാരദ്വഹനമാണ്. മീരഭായ് ഛാനുവാണ് ഇന്ത്യൻ താരം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ഈ ഇനം.

ഇന്നലെയായിരുന്നു ടോക്യോ ഒളിമ്പിക്‌സ് ഉദ്ഘാടനം. നാല് മണിക്കൂർ നീളുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തുന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്‌സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്. വിശ്വകായിക മാമാങ്കത്തിൽ 42 വേദികളിലായി 11,200 കായിക താരങ്ങൾ പങ്കെടുക്കും.