ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ. സ്മാർട്ട്‌ഫോണുകളിൽ മാത്രം ലഭ്യമാകുന്ന രീതിയിലാണ് ഫേസ്ബുക് ഡൂഡിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒരു പ്രത്യേക ഡൂഡിൽ സജ്ജീകരിച്ചാണ് ടോക്കിയോ ഒളിമ്പിക്സിന്റെ തുടക്കം ഫേസ്ബുക്ക് ആഘോഷിച്ചത്.

ഭാരോദ്വഹനം, നീന്തൽ, റോയിംഗ്, മറ്റ് ഗെയിമുകൾ എന്നിങ്ങനെ വിവിധ ഒളിമ്പിക് ഗെയിമുകൾ കേന്ദ്രീകരിച്ചാണ് ഡൂഡിൽ തയാറാക്കിയിരിക്കുന്നത്. ഈ ഗെയിമുകൾ കളിക്കുന്ന മൂന്ന് അത്‌ലറ്റുകളെ ഒരു ചെറിയ ഐക്കണിൽ ചിത്രീകരിച്ചിരിക്കുന്നത് ഉപയോക്താക്കൾക്ക് കാണാൻ കഴിയും.

കൂടാതെ, ടോക്കിയോ ഒളിമ്പിക് ഗെയിംസ് ഇവന്റുകൾ, ഷെഡ്യൂൾ, ഫലങ്ങൾ എന്നിവയ്ക്കായി ഐക്കൺ അമർത്തിക്കൊണ്ട് “ഒളിമ്പിക്സ്” എന്ന ഹാഷ്‌ടാഗ് ടാഗ് ചെയ്താൽ മുഴുവൻ വിഭാഗവും പരിശോധിക്കാൻ സാധിക്കുന്നതാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ടോക്കിയോ ഒളിംപിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങ് ആരംഭിച്ചത്. അതിൽ നിരവധി കലാപരമായ പ്രകടനങ്ങൾ, സംഘാടക രാജ്യത്തിൻറെ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ പരേഡുകൾ, വരാനിരിക്കുന്ന പതിപ്പിന്റെ സംഘാടകരായ ഫ്രാൻസ്, യു.എസ.എ., ഗ്രീസ് തുടങ്ങിയവരുടെ പരേഡുകൾ എല്ലാം ഉൾക്കൊള്ളിച്ച് കൊണ്ടായിരുന്നു ഉദ്‌ഘാടന ചടങ്ങ്.

ടോക്കിയോ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗുമാണ് മാർച്ച് പാസ്റ്റിന് നേതൃത്വം നൽകിയിരുന്നത്. നാല് മണിക്കൂർ നീണ്ടു നിന്നതായിരുന്നു ഉദ്‌ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തിയ മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിച്ച ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്.