മരംമുറി വിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. അണ്ടര്‍ സെക്രട്ടറിക്കെതിരായ നടപടി സര്‍ക്കാര്‍ പരിശോധിച്ച്‌ എടുത്തതാണെന്നാണ് തിരുത്ത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ച്‌ നടപടി എന്നായിരുന്നു മുന്‍ ഉത്തരവ്.
റവന്യൂ സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്ന് പരാതി ഉയരുന്നതിനിടെയാണ് തിരുത്തിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വിവാദമായ മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയുടെ ​ഗുഡ് സര്‍വീസ് എന്‍ട്രിയാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. ആഭ്യന്തര അന്വേഷണത്തില്‍ ശാലിനി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിക്കുന്നുതെന്ന് ‌റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
പട്ടയവിതരണത്തില്‍ ശാലിനി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ​ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.‌ മരംമുറി വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കിയതിന് പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ നിര്‍‍ദേശ പ്രകാരം ശാലിനി അവധിയില്‍ പ്രവേശിച്ചിരുന്നു.
മരം മുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിടാന്‍ നിര്‍ദേശം നല്‍കിയത് മുന്‍ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനാണെന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ഫയല്‍ കൈകാര്യം ചെയ്‌ത ജോയിന്‍റ് സെക്രട്ടറി ഉള്‍പ്പടെ നാലുപേരെ റവന്യൂവകുപ്പില്‍ നിന്നും സ്ഥലംമാറ്റുകയും ചെയ്‌തിരുന്നു.