കോവിഡ് മൂന്നാം തരംഗം കൂടുതലായി കുട്ടികളെ ബാധിക്കുമെന്ന ആശങ്കാ ഭീതിയിലാണ് മാതാപിതാക്കള്‍.എന്നാല്‍ ഈ ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ​ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്. എംഎംആര്‍ അതായത് അഞ്ചാംപനിയുടെ വാക്സിന്‍ സ്വീകരിചിട്ടുള്ള കുട്ടികളില്‍ കോവിഡ് ബാധിച്ചാലും ചെറിയ തോതിലുള്ള ലക്ഷണങ്ങളോടെ വന്നുപോകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.പൂനെയിലെ ബിജെ മെഡിക്കല്‍ കോളജിലാണ് പഠനം നടത്തിയത്. സാര്‍സ്-കോവ് 2വിലെ സ്പൈക്ക് പ്രോട്ടീനും മീസല്‍സ് വൈറസിലെ പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഹീമോ​ഗ്ലൂട്ടിനും തമ്മില്‍ സാമ്യമുണ്ട്. ഇതേ തുടര്‍ന്നാണ് പഠനം നടത്താന്‍ ​ഗവേഷകര്‍ തീരുമാനിച്ചത്.

സാര്‍സ്-കോവ്-2 വൈറസിനെതിരെ അഞ്ചാംപനിയുടെ വാക്സിന്‍ 87.5 ശതമാനം ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു.മീസല്‍സ് വാക്സിന്‍ കുട്ടികളിലെ കോവിഡ് ബാധയ്ക്കെതിരെ ദീര്‍ഘകാല സംരക്ഷണം പ്രധാനം ചെയ്യാമെന്നും ​ഗവേഷകര്‍ ചൂണ്ടിക്കാട്ടി.കോവിഡ് ബാധിച്ച കുട്ടികളെ സൈറ്റോകിന്‍ സ്റ്റോം (പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥ) എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ നിന്നും എംഎംആര്‍ വാക്സിന്‍ സംരക്ഷിച്ചേക്കുമെന്നും ​ഗവേഷകര്‍ പറഞ്ഞിട്ടുണ്ട്.

9-ാംമാസത്തിനും 12-ാം മാസത്തിനും ഇടയിലാണ് കുട്ടികള്‍ക്ക് എംഎംആര്‍ ആദ്യ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് 16-24 മാസത്തിനിടയിലാണ്.കോവിഡ് 19 വാക്സിന്‍ ലഭ്യമാകുന്നതുവരെ ഇത് ഗുണം ചെയ്യും എന്നും ഗവേഷകര്‍ പറയുന്നു.ഇതുവരെ എംഎംആര്‍ വാക്സിന്‍ എടുക്കാത്തവര്‍ എത്രയുംപെട്ടെന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത് മീസല്‍സിനെതിരെയും കോവിഡിനെതിരെയും പ്രതിരോധം നേടണമെന്ന് ​ഗവേഷകര്‍ അറിയിച്ചു.

ഒരു വയസ്സിനും 17 വയസ്സിനും ഇടയിലുള്ള 548 കുട്ടികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.ഇവരില്‍ കോവിഡ് പോസിറ്റീവ് ആയവരെയും അല്ലാത്തവരെയും രണ്ട് വിഭാഗമായി തരംതിരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ എംഎംആര്‍ വാക്‌സിന്‍ എടുത്തവരില്‍ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുമ്ബോള്‍ ലക്ഷണങ്ങളോടുകൂടിയ കോവിഡ് കേസുകള്‍ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.