പാലക്കാട്: പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ജോലി നല്‍കിയതിനെതിരെ രൂക്ഷ പ്രതികരണവുമായാണ് ഷാഫി പറമ്പില്‍ രംഗത്ത് എത്തിയത്. സര്‍ക്കാര്‍ കൊലയാളികളുടെ ആരാധാനാലയവും ആഭ്യന്തര മന്ത്രി കൂടി ആയ മുഖ്യന്‍ അവരുടെ സംരക്ഷകനും ആവുകയാണെന്ന് ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

25 വയസ്സ് പോലും തികയാത്ത 2 ചെറുപ്പക്കാരെ ക്രൂരമായി കൊന്ന് തള്ളിയവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ ചിലവില്‍ വക്കീലിനെ കൊണ്ട് വരിക. ഇപ്പോള്‍ പ്രതികളുടെ ഭാര്യമാരെ സര്‍ക്കാര്‍ ചിലവില്‍ ശമ്ബളം നല്‍കി തീറ്റി പോറ്റുക. നികുതി അടക്കുന്ന ജനങ്ങള്‍ക്ക് ഈ ചിലവുകള്‍ ഏറ്റെടുക്കേണ്ട ബാധ്യതയുണ്ടോ ?

ആവര്‍ത്തിച്ച്‌ പറയുന്നു , സര്‍ക്കാര്‍ കൊലയാളികളുടെ ആരാധാനാലയവും ആഭ്യന്തര മന്ത്രി കൂടി ആയ മുഖ്യന്‍ അവരുടെ സംരക്ഷകനും ആവുന്നു. കാസര്‍കോഡ് പെരിയയിലെ കല്യോട്ടെ പത്തൊന്‍പതും, ഇരുപത്തിമൂന്നും വയസ്സായ രണ്ട് ചെറുപ്പക്കാര്‍ കൃപേഷിന്റെയും ശരത് ലാലിന്റേയും ഘാതകരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്‍പിലെത്തിക്കുവാനായി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍, അത് തടയിടുവാനായി ഖജനാവില്‍ നിന്ന് കോടികള്‍ ചിലവാക്കി സുപ്രീം കോടതിയിലെ രജ്ഞിത് കുമാറിനെയും, മനീന്ദര്‍ സിംഗിനെയും എത്തിച്ച്‌ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നതിരെ നിയമ സഭയില്‍ ചോദിച്ചപ്പോള്‍ വേണമെങ്കില്‍ ഇനിയും എത്ര തുകയും ചിലവഴിക്കുമെന്ന് വെല്ലുവിളിയോടെ സംസാരിച്ച മുഖ്യമന്ത്രിയായിരുന്നു പിണറായി. കോടികള്‍ ചിലവാക്കുക മാത്രമല്ല, അവരുടെ കുടുംബത്തിനു ചിലവിനു കൊടുക്കുവാനും പോകുന്നു.

കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയ നാല് ജീവനക്കാരികള്‍ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തില്‍ പ്രതികളായ സി.പി.എം സഖാക്കളുടെ സഖികളായത് യാദൃശ്ചികമല്ല. നിങ്ങള്‍ കൊന്ന് കൊള്ളൂ.. കോടികള്‍ കൊടുത്തും നിയമത്തിന് മുമ്പില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കാം എന്ന് മാത്രമല്ല, നിങ്ങളുടെ വീടുകളില്‍ സമൃദ്ധി എത്തിക്കുവാന്‍ ഈ സര്‍ക്കാരുണ്ടെന്ന് കൊലപാതകികള്‍ക്ക് നല്‍കുന്ന സന്ദേശം വലിയ ആപത്താണ്. മക്കള്‍ നഷ്ടപ്പെട്ടതിന്റെ പിടച്ചിലുമായി രണ്ട് മാതാപിതാക്കളുടെ കണ്ണീരുപ്പ് കലര്‍ന്ന വേദന ഒരു നാള്‍ ഈ അഹന്തയെ കടപുഴക്കും. നീതിക്ക് വേണ്ടി പോരാടിയ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ സമരത്തെ സംസ്ഥാന വ്യാപകമായി ഏറ്റെടുക്കും .