ദില്ലി: യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കൊവിഡ് മഹാമാരിക്കാലത്ത് യോഗ ആളുകള്‍ക്കിടെയില്‍ ആന്തരിക ശക്തിയുടെ ഉറവിടമായി മാറിയെന്നും കൊവിഡിനെതിരെ പോരാടാനുള്ള ആത്മവിശ്വാസം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ വ്യക്തിക്കും സൗഖ്യം നല്‍കുകയാണ് യോഗയുടെ ലക്ഷ്യം. ഓരോ കുടുംബവും ആരോഗ്യമുള്ളതാകട്ടെയെന്ന് ആശംസിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

മനശക്തി കൈവരിക്കാനുള്ള മാര്‍ഗമാണ് യോഗ. ഈ ദുരിതകാലത്ത് യോഗക്ക് ഏറെ പ്രസക്തിയുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരു രാജ്യവും തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യോഗ ആളുകള്‍ക്കിടെയില്‍ ആന്തരിക ശക്തിയായി മാറി. യോഗ സ്വയം അച്ചടക്കം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നു. കൂടാതെ ഈ വൈറസിനെതിരെ പോരാടാന്‍ നമുക്ക് ആത്മവിശ്വാസം നല്‍കാനും സഹായിക്കുന്നു- പ്രധാനമന്ത്രി യോഗ സന്ദേശത്തില്‍ പറഞ്ഞു.

യോഗ പലപ്പോഴും സമഗ്ര ആരോഗ്യത്തിനുള്ള ഒരു മാര്‍ഗമായി മാറുന്നു, യോഗ നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രയോജനത്തെക്കുറിച്ചും പ്രതിരോധശേഷിയെക്കുറിച്ചും ലോകമെമ്ബാടും പഠനങ്ങള്‍ നടക്കുകയാണ്. സ്‌ക്ൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടക്കത്തില്‍ യോഗയും ശ്വസന വ്യായാമങ്ങളും നടത്തുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത് കുട്ടികള്‍ക്ക് വൈറസിനെതിരെ പോരാടാന്‍ സഹായിക്കുന്നു- മോദി പറഞ്ഞു.