ഇന്ത്യൻ- അമേരിക്കൻ അറ്റോർണി സരള നാഗലയെ കണക്റ്റിക്കട്ടിലെ ഫെഡറൽ ഡിസ്ട്രിക്റ്റ്  ജഡ്ജായി  പ്രസിഡന്റ് ജോ ബൈഡൻ   നാമനിർദ്ദേശം ചെയ്തു.  രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തുകളിൽ ഒന്നായ  വൈവിധ്യത്തിന്റെ പ്രതിഫലനം ഇവിടുത്തെ കോടതികളിൽ  ഉറപ്പു വരുത്തുമെന്നുള്ള  പ്രസിഡന്റിന്റെ വാഗ്ദാനം നിറവേറ്റുന്നത്  പുതിയ നോമിനേഷനുകളിലൂടെയും  തുടരുമെന്ന്  വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു.

കണക്ടിക്കട്ട് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിൽ ഡെപ്യുട്ടി ചീഫ് ഓഫ് മേജർ ക്രൈം ആണ്  ഇപ്പോൾ.

യു‌സി-ബേർക്കലിയിൽ നിന്ന്  നിയമബിരുദം നേടിയ നാഗലാ  2009 മുതൽ 2012 വരെ കാലിഫോർണിയയിൽ  അസോസിയേറ്റ് ആയാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 2008 മുതൽ  അപ്പീൽ കോടതിയിൽ ജഡ്ജ്  സൂസൻ ഗ്രാബറിന്റെ  ലോ ക്ലാർക്കായി.  2012ലാണ്  യുഎസ് അറ്റോർണി ഓഫീസിൽ ചേർന്നത്. വിദ്വേഷ കുറ്റകൃത്യങ്ങളുടെ കോർഡിനേറ്റർ എന്നത്  ഉൾപ്പെടെ ഓഫീസിലെ നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ച അനുഭവപാടവമുണ്ട്.
2017 മുതൽ കണക്റ്റിക്കട്ട് ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഓഫീസിൽ  മേജർ ക്രൈംസ് യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചുവരുന്ന നാഗലയുടെ ചരിത്രപരമായ നാമനിർദ്ദേശത്തെ നാഷണൽ ഏഷ്യൻ പസഫിക് അമേരിക്കൻ ബാർ അസോസിയേഷൻ (NAPABA) അഭിനന്ദിച്ചു. പൊതുസേവനത്തിലും  സമൂഹത്തിലെ ആളുകളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിലും നാഗാല കാഴ്ചവച്ചിട്ടുള്ള  പ്രതിബദ്ധത എടുത്തുപറഞ്ഞായിരുന്നു അഭിനന്ദനം.

ഫെഡറൽ ജുഡീഷ്യൽ സ്ഥാനങ്ങൾക്കായുള്ള പ്രസിഡന്റ്ബൈഡന്റെ  നാലാം വട്ട നാമനിർദ്ദേശമാണിത്. പ്രഖ്യാപിച്ച ഫെഡറൽ ജുഡീഷ്യൽ നോമിനികളുടെ എണ്ണം ഇതോടെ 24 ആയി.
ഫെഡറൽ ബെഞ്ചിനെ ശക്തിപ്പെടുത്തുന്നതിൽ  പ്രതിജ്ഞാബദ്ധനായതിനാലാണ്, ജുഡീഷ്യൽ നാമനിർദ്ദേശങ്ങളുടെ കാര്യത്തിൽ അദ്ദേഹം സമാനതകളില്ലാത്ത വേഗത പിന്തുടരുന്നത്.