ടാമ്പാ:  ജനോഷ് പുരക്കലിനും, 37 , പുത്രൻ ഡാനിയലിനും, 3, കണ്ണീരോടെ ബന്ധുമിത്രാദികൾ വിടചൊല്ലി. സെഫ്‌നർ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ചർച്ചിൽ  വിട ചൊല്ലാനെത്തിയവരും  ചടങ്ങുകൾ ലൈവ് സ്ട്രീമിൽ കണ്ട നൂറു കണക്കിനാളുകളും അടക്കിപ്പിടിച്ച തേങ്ങലുകളോടെ കുടുംബത്തിന്റെ ദുഃഖം ഹൃദയത്തിൽ ഏറ്റു വാങ്ങി. അന്ത്യയാത്രക്ക് അർപ്പിച്ച വി. കുര്ബാനയിൽ   ചിക്കാഗോ രൂപതാ സഹായ മെത്രാൻ ജോയി ആലപ്പാട്ട്  മുഖ്യകാർമ്മികനായിരുന്നു. വികാരി ഫാ. റിജോ ചീറ്റക്കാട്ടിൽ, ഫാ. ജോർജ് വാണിയപ്പുരക്കൽ, ഫാ. രാജീവ് വലിയവീട്ടിൽ, ഫാ. ജോൺ  കട്ടെട്ട്, വി.സി, ഫാ. ജെയിംസ്  തോയലിൽ, വി.സി, ഫാ. ജോസ് ആദോപ്പള്ളിൽ,  ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഫാ. ജോർജ് വർക്കി, ഫാ. സിബി സെബാസ്റ്റിയൻ, ഫാ. അമർ എം.എസ.എഫ്.എസ്  എന്നിവർ    സഹകാർമ്മികരുമായി.

ചങ്ങനാശേരി ചീരംചിറ പുരക്കല്‍ പരേതനായ ബേബിച്ചന്റെ മകനാണ്  ജാനോഷ്.  ഭാര്യ അനീറ്റ നഴ്സ് പ്രാക്ടീഷണർ . പത്തു  മാസം പ്രായമുള്ള ഒരുമകൻ കൂടി ഉണ്ട്-സ്റ്റീഫൻ.  മാതാവ് മേരിക്കുട്ടി  കരിമ്പില്‍ കുടുംബാംഗമാണ്. ലവ്‌ബി, മനോജ് എന്നിവരാണ് ജനേഷിന്റെ സഹോദരങ്ങള്‍. അനിറ്റ കുറവിലങ്ങാട് പാപ്പിനശേരി നസ്രേത്തിൽ ജേക്കബ് കുര്യൻറെയും മേരി കുര്യന്റെയും പുത്രിയാണ്. ക്രിസ്റ്റിന കുര്യൻ, ജോസിയ കുര്യൻ എന്നിവരാണ് സഹോദരിമാർ. ഉച്ചയോടെ രണ്ട് കൊച്ചുജീവിതങ്ങൾ ബ്രാന്റണിലെ ഹിൽസ്‌ബോറോ മെമ്മോറിയൽ ഗാർഡൻസിൽ നിത്യനിദ്രയിൽ വിലയം പ്രാപിച്ചു. ദീപ്തമായ സ്മരണകൾ ബാക്കിയായി. അവയ്ക്ക് മരണമില്ല