അരീസോണയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അരീസോണയിലെ അടുത്തടുത്ത നിരത്തുകളില്‍ അരങ്ങേറിയ വെടിവയ്പ്പ് ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ യാതൊരുവിധത്തിലുള്ള എതിര്‍പ്പും കൂടാതെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.

കുറ്റവാളിയെകുറിച്ചുള്ള വിവരങ്ങളൊന്നും നിലവില്‍ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. “ഇയാള്‍ എന്തിന് ഇങ്ങനെ ചെയ്തു എന്നോ ഇയാളുടെ മാനസികാവസ്ഥ എന്തെന്നോ നമുക്ക് ഇപ്പോള്‍ അറിയില്ല. തീര്‍ച്ചയായും അത് കണ്ടെത്തേണ്ടതായുണ്ട്. കാരണം പ്രദേശത്തെ നിരവധി ആള്‍ക്കാര്‍ ഭയപ്പെട്ടിരിക്കുകയാണ്. അവരുടെ ഭയം മാറ്റണമെങ്കില്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തേണ്ടതായുണ്ട്,” അരീസോണ പൊലീസ് വക്താവ് ബ്രാന്‍ഡണ്‍ ഷേഫാര്‍ട്ട് പത്രസമ്മളനത്തില്‍ പറഞ്ഞു.

അമേരിക്കയില്‍ ഇത്തരമുള്ള വെടിവയ്പ്പുകള്‍ പതിവാണ്. ഈയടുത്ത് കാലിഫോര്‍ണിയയില്‍ ഒരു റെയില്‍വേ ജീവനക്കാരന്‍ ഒന്‍പത് പേരെയും കൊളോറാഡോയില്‍ ഒരു പലചരക്കു കടയില്‍ നടന്ന മറ്റൊരു വെടിവയ്പ്പില്‍ 10 പേരും കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കയില്‍ വെടിവയ്പ്പുമായി ബന്ധപ്പെട്ട് 43000 പേര്‍ മരണമടഞ്ഞിട്ടുണ്ട്.