ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വാക്സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ഇമേജ് കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയതെന്ന് അവര്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ വിമര്‍ശിക്കുന്ന ‘ആരാണ് ഉത്തരവാദി’ എന്ന പേരിലുള്ള ക്യാമ്ബയിന്റെ ഭാഗമായാണ് അവര്‍ പ്രധാനമന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭീരുവിനെപ്പോലെയാണ് പെരുമാറിയതെന്നും പ്രധാനമന്ത്രി ഇന്ത്യയുടെ ക്ഷേമത്തെക്കാള്‍ രാഷ്ട്രീയവും പ്രചാരവേലയുമാണ് മുന്നോട്ടുവെക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ഇമേജ് കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും സ്വന്തം നാട്ടുകാരെക്കുറിച്ച്‌ ചിന്തിക്കാന്‍ മെനക്കെട്ടിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. “അദ്ദേഹത്തിന് പ്രഥമ പരിഗണന ഇന്ത്യക്കാരല്ല, രാഷ്ട്രീയമാണ്. സത്യത്തെ അദ്ദേഹം പരിഗണിക്കുന്നില്ല”, അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം പ്രതിച്ഛായ ഉയര്‍ത്തുന്നതിനായി ലോകമെമ്ബാടും സൗജന്യ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുപകരം, അദ്ദേഹം ആദ്യം തന്റെ ജനങ്ങളെ സംരക്ഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്. വാക്സിന്‍ രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം സങ്കീര്‍ണമാണെന്നും അത് വാക്സിനേഷന്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തതാണെന്നും അവര്‍ ആരോപിച്ചു.