സിനിമക്കാരുടെ ഏറ്റവും വലിയ ആത്മവിശ്വാസമായിരുന്ന ദാസ് അകാലത്തില്‍ നമ്മെ വിട്ടു പോയിട്ട് ഒരു വര്‍ഷം. സിനിമക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വസിക്കാവുന്ന ആളായിരുന്നു ദാസ്, സിനിമക്കാരുടെ സുരക്ഷ. കൂട്ടായും കരുതലായും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന ദാസിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ അശ്രുപുഷ്പങ്ങള്‍. ദാസ് പോയതോടെ ദാസിന്‍്റെ കുടുംബം പരിതാപകരമായ അവസ്ഥയിലാണ്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് നമ്മുടെ കൈത്താങ്ങ് ആവശ്യമുള്ള സമയമാണിത്.

പത്തു വര്‍ഷമായി ദാസിനെ അറിയാമായിരുന്നു. സിനിമ ലൊക്കേഷനില്‍ പലവിധ ജോലികളായി അദ്ദേഹമെപ്പോഴുമുണ്ടാകും. ലൊക്കേഷനിലെ സുരക്ഷ എന്ന ചിന്ത വന്നപ്പോള്‍ അതിന് ആദ്യം മുന്നിട്ടിറങ്ങിയത് ദാസായിരുന്നു. ലൊക്കേഷനിലെ ആളുകളെ മാറ്റുക എന്നതായിരുന്നു ദാസിന്‍്റെ ജോലി. ആദ്യമൊക്കെ ദാസ് തനിച്ചായിരുന്നു ഇക്കാര്യം ചെയ്തിരുന്നത്. പിന്നീട് ദാസിനൊപ്പം കുറെപ്പേര്‍ കൂടി.

അതിനു ശേഷം മറ്റു ചില ആള്‍ക്കാര്‍ കൂടി ഈ ആശയവുമായി രംഗത്തെത്തി.അതും യൂണിഫോ മൊക്കെ ധരിച്ച്‌ . അപ്പോള്‍ ഞാന്‍ ദാസിനോടു പറഞ്ഞു, ദേ കണ്ടില്ലേ.. പുതിയ പിള്ളേരൊക്കെ യൂണിഫോമിലാ വരവ്. അടുത്ത ദിവസം ദാ.. ദാസ് വരുന്നു, പുതിയ സഫാരി സൂട്ടൊക്കെ ഇട്ട്. എന്നോടൊപ്പം ധാരാളം സിനിമകളില്‍ ദാസ് ഉണ്ടായിരുന്നു. എന്നാല്‍, ചില സിനിമകളില്‍ നിന്ന് ദാസിനെ മാറ്റി നിര്‍ത്താറുണ്ടായിരുന്നു. അത് അദ്ദേഹത്തിനു വലിയ സങ്കടമാകും. തൊട്ടടുത്ത സിനിമയില്‍ ദാസ് എന്നോടൊപ്പം കൂടും. അവസാനം മമ്മുക്ക നായകനായ വണ്‍ എന്ന സിനിമ വരെ ദാസ് എന്റെ കൂടെയുണ്ടായിരുന്നു. എല്ലാ സെറ്റിലും ദാസിന്റെ കുറെ തമാശകളുണ്ടാകും. അതൊക്കെ നന്നായി ആസ്വദിച്ചിരുന്നു.

കര്‍മയോദ്ധ എന്ന സിനിമ പാലക്കാട് ഒരു ക്വാറിയില്‍ നടക്കുകയാണ്. ലാല്‍ സാര്‍ വരുന്നതറിഞ്ഞ് അവിടെ ജനപ്രളയമാണ്. ലാല്‍ സാര്‍ അവിടെ വന്നിറങ്ങിയപ്പോള്‍ ദാസ് എവിടെയെന്നാണ് ആദ്യം ചോദിച്ചത്. ദാസ് ലൊക്കേഷനിലുണ്ടെങ്കില്‍ ഏതൊരു താരത്തിനും അവിടെ വന്നിറങ്ങാന്‍ ധൈര്യമായിരുന്നു. ദാസിന്‍്റെ ജീവിതത്തിലെ വേദനാജനകമായ മുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. അവയൊക്കെ എന്നോട് പങ്കുവച്ചിരുന്നു. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗണ്‍ വന്നതോടെ സിനിമയില്‍ ജോലി ചെയ്യുന്നവരുടെ പലരുടെയും ജീവിതം താറുമാറായി. ഒരു ദിവസം ദാസ് എന്നെ വിളിച്ചു പറഞ്ഞു.

എല്ലാവര്‍ക്കും സഹായമൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍ സെറ്റിലെ സുരക്ഷാ ജീവനക്കാര്‍ക്ക് യാതൊരു സഹായവുമില്ല. പലരും പട്ടിണിയിലാണ്. ഇക്ക ഒന്നു സഹായിക്കണം എന്നു പറഞ്ഞു. വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങിച്ചോളൂ എന്നു ഞാനും പറഞ്ഞു. ഒരു മാസത്തേക്കുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളുമൊക്കെ ഓരോരുത്തര്‍ക്കും ദാസ് എത്തിച്ചു നല്‍കി. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്ബാണ് ദാസിന്റെ കൂടെയുള്ള ഒരാള്‍ എന്നെ വിളിക്കുന്നത്. അദ്ദേഹം പറഞ്ഞു, ഇക്കാ ദാസിനു തീരെ വയ്യ, ആശുപത്രിയിലാണ്. വയറ്റില്‍ വെള്ളം കെട്ടിയേക്കുവാണ്. അപ്പോള്‍ അതെടുത്തുകളയണം അതിനായി മെഡി.കോളജിലേക്ക് കൊണ്ടു പോകുവാണ്. എന്തെങ്കിലും സഹായം പറ്റുമോ എന്ന്.

മെഡി. കോളജില്‍ വേണ്ട കാര്യങ്ങള്‍ നമുക്കു നോക്കാം എന്നു ഞാനും പറഞ്ഞു. അപ്പോള്‍ തന്നെ മമ്മൂട്ടി ഫാന്‍സിന്റെ നിസാമിനെ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ തന്നെ നിസാമും കൂട്ടരും മെഡി.കോളേജിലെത്തി വേണ്ട കാര്യങ്ങള്‍ ചെയ്തു. ദാസിന് രക്തം വേണം എന്ന് മൂന്നു ദിവസം മുമ്ബ് ഒരാള്‍ വിളിച്ചു പറഞ്ഞു. അതും നിസാമിനെ വിളിച്ചു പറഞ്ഞ് ഏര്‍പ്പാടാക്കി. അന്നു വൈകുന്നേരം നിസാം എന്നെ വിളിച്ചു പറഞ്ഞു, ദാസിന്‍്റെ സ്ഥിതി മോശമാണ്. 50:50 സാദ്ധ്യതയാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന്. എങ്കിലും ചികിത്സ ഒന്നും മുടക്കരുത്, വേണ്ടതൊക്കെ ചെയ്യണം എന്ന് പറഞ്ഞു.

എന്നാല്‍ പിന്നീട് കേട്ട വാര്‍ത്ത വേദനാജനകമായിരുന്നു. – ദാസ് മരിച്ചു. – വലിയ വിഷമമുണ്ടാക്കിയ വാര്‍ത്ത. ദാസിനെ അടുത്തറിയാവുന്നവര്‍ക്കറിയാം ദാസ് ആരാണെന്ന്. വലിയ സ്നേഹമായിരുന്നു എന്നെ. സെറ്റില്‍ ആള് കൂടുമ്ബോള്‍ ദാസ് പറയുന്ന വാക്കുകള്‍ ഇങ്ങനെ മുഴങ്ങുകയാണ്. നൂറിന്റെ ലെന്‍സാണ് ഇട്ടിരിക്കുന്നത്, എല്ലാവരെയും കിട്ടും. മാറി നിന്നോ മാറി നിന്നോ എന്ന്. സെറ്റില്‍ ദാസ് ഉണ്ടെങ്കില്‍ കൂടെ ആരോ ഉണ്ടെന്ന വിശ്വാസമായിരുന്നു എല്ലാ നടീനടന്മാര്‍ക്കും. ദാസ് നമ്മെയൊക്കെ ചേര്‍ത്തു പിടിച്ച പോലെ ദാസിന്റെ കുടുംബത്തെയും നമുക്ക് ചേര്‍ത്തു നിര്‍ത്തണം.