തൃശൂര്‍: എം എ യൂസുഫലിയുടെ ഇടപെടലിലൂടെ അബൂദബി ജയിലില്‍ നിന്നും മോചിതനായ തൃശൂര്‍ സ്വദേശി ബെക്സ് കൃഷ്ണന്‍ ഒടുവില്‍ നാട്ടിലെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബെക്സിനെ സ്വീകരിക്കാന്‍ സന്തോഷത്തിന്റെ നിറകണ്ണുകളോടെ കുടുംബം എത്തി.

ജന്മനാട്ടില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന വിധിയെ മാറ്റിയെഴുതിയ മടക്കം. ഒന്‍പത് വര്‍ഷം നീണ്ട കുടുംബത്തിന്റെ കാത്തിരിപ്പിന് വിരാമം. ‘പുതിയതായിട്ട് ഒരു ജീവിതം കിട്ടി. സന്തോഷം. യൂസഫലി സാറാണ് പൈസ കെട്ടിയതും എല്ലാ കാര്യങ്ങളും ശരിയാക്കിയതും. ഒന്‍പത് വര്‍ഷമായി കേസിന് പിന്നില്‍ തന്നെയുണ്ടായിരുന്നു അവര്‍’- ബെക്സ് കൃഷ്ണന്‍ പറഞ്ഞു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദാബി ജയിലിലായിരുന്ന തൃശൂര്‍ നടവരമ്പ്‌ സ്വദേശി ബെക്സ് കൃഷ്ണന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ നിരന്തരമായ ഇടപെടലാണ് തുണയായത്.അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഒരു കോടി രൂപ ദയാധനം നല്‍കിയതിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.

9 വര്‍ഷം മുമ്പ്‌ അബൂദബി മുസഫയില്‍ വെച്ചുണ്ടായ അപകടമാണ് ബെക്സിന്‍റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. തന്‍റെ കയ്യബദ്ധം മൂലം വാഹനമിടിച്ച്‌ സുഡാന്‍ ബാലന്‍ മരിച്ചു. പിന്നെ അഴിക്കുള്ളിലായ ബെക്സിന് മരണക്കുരുക്കും വിധിക്കപ്പെട്ടു. ബെക്സിന്റെ മോചനത്തിനായി കുടുംബം പല ശ്രമങ്ങളും നടത്തി. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ ദുരിതമറിഞ്ഞ എം എ യൂസഫലി വിഷയത്തില്‍ ഇടപെടുന്നത്.