ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിച്ചതിന് പിന്നാലെ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ് വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. കേന്ദ്രീകൃത സൗജന്യ വാക്‌സിനേഷന്‍ നയം നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമുണ്ടെന്നും ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ആവശ്യത്തിന് പണമുള്ളതിനാല്‍ സൗജന്യ വാക്‌സിനേഷനായി ഉടന്‍ സപ്ലിമെന്ററി ഗ്രാന്റുകള്‍ തേടേണ്ടതില്ല. രണ്ടാം റൗണ്ടില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടനുബന്ധിച്ച്‌ സപ്ലിമെന്ററി ഗ്രാന്റുകള്‍ ആവശ്യമായി വന്നേക്കും. വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ പണമുണ്ടെന്നും കേന്ദ്രം അറിയിച്ചതായി റിപോര്‍ട്ട് പറയുന്നു.

വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ വിദേശ വാക്‌സിനുകളെ ആശ്രയിക്കേണ്ടി വരില്ല. ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്‌സിനുകളിലൂടെ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാന ക്വാട്ടയുടെ 25 ശതമാനം ഉള്‍പ്പെടെ വാക്സിന്‍ നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം ഡോസുകള്‍ വാങ്ങാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സൗജന്യമായി നല്‍കാനും കേന്ദ്രം തീരുമാനിച്ചതായി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചിരുന്നു.